സ്‌പൈസ്‌ജെറ്റ് പൈലറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു; അന്താരാഷ്ട്ര യാത്രകള്‍ ചെയ്തിട്ടില്ലെന്ന് വിമാനക്കമ്പനി
COVID-19
സ്‌പൈസ്‌ജെറ്റ് പൈലറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു; അന്താരാഷ്ട്ര യാത്രകള്‍ ചെയ്തിട്ടില്ലെന്ന് വിമാനക്കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th March 2020, 4:45 pm

ന്യൂദല്‍ഹി: സ്‌പൈസ് ജെറ്റിന്റെ പൈലറ്റുമാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, ഇദ്ദേഹം മാര്‍ച്ച് മുതല്‍ അന്താരാഷ്ട്ര യാത്രകളൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരം.

‘ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക്, സ്‌പൈസ് ജെറ്റിലെ ഉദ്യോഗസ്ഥരില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 28നാണ് പരിശോധനാ ഫലം അറിയാന്‍ കഴിഞ്ഞത്. മാര്‍ച്ച് ആദ്യം മുതല്‍ ഇദ്ദേഹം അന്താരാഷ്ട്ര വിമാനങ്ങളില്‍ പൈലറ്റായി യാത്ര ചെയ്തിട്ടില്ല’, വിമാനക്കമ്പനിയുടെ വക്താവ് പി.ടി.ഐയോട് പറഞ്ഞു.

മാര്‍ച്ച് 21 ലെ ആഭ്യന്തര വിമാനത്തിലാണ് അദ്ദേഹം അവസാനമായി പൈലറ്റായത്. തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നെന്നും വക്താവ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച പൈലറ്റുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന എല്ലാ ജീവനക്കാരോടും അടുത്ത 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

പൈലറ്റിന് ലഭ്യമായ എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും നല്‍കുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ ആദ്യ പരിഗണനയെന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ