വേണമെങ്കില്‍ സ്പീക്കറുടെ അധികാരമുപയോഗിച്ച് പ്രമേയം തടയാമായിരുന്നു, എതിര്‍പ്പിനുള്ള വേദിയാകട്ടെ എന്നോര്‍ത്താണ് അത് ചെയ്യാതിരുന്നത്: സ്പീക്കര്‍
Kerala News
വേണമെങ്കില്‍ സ്പീക്കറുടെ അധികാരമുപയോഗിച്ച് പ്രമേയം തടയാമായിരുന്നു, എതിര്‍പ്പിനുള്ള വേദിയാകട്ടെ എന്നോര്‍ത്താണ് അത് ചെയ്യാതിരുന്നത്: സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st January 2021, 11:05 am

തിരുവനന്തപുരം: സ്പീക്കറുടെ അധികാരമുപയോഗിച്ച് വേണമെങ്കില്‍ അവിശ്വാസ പ്രേമേയം നിരാകരിക്കാമായിരുന്നെന്ന് പി. ശ്രീരാമകൃഷ്ണന്‍. തനിക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അംഗീകാരം കൊടുത്തത് എതിര്‍പ്പ് അവതരിപ്പിക്കാനുള്ള വേദി പ്രതിപക്ഷത്തിന് ജനാധിപത്യപരമായി നല്‍കുക എന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ വളരെ സന്തോഷത്തിലാണ്. കാരണം എതിര്‍പ്പിന്റെയും വിയോജിപ്പിന്റെയും ഒരു ചെറിയ ശബ്ദം പോലും അനുവദിക്കാത്ത തരത്തില്‍ നമ്മുടെ ജനാധിപത്യ പ്രക്രിയ ഇന്ത്യയില്‍ പലയിടത്തും പെരുമാറിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ കേരള നിയമസഭ വിയോജിപ്പിന്റെതായ തലത്തിന് അവസരമൊരുക്കുന്നു. വേണമെങ്കില്‍ സ്പീക്കറുടെ അധികാരമുപയോഗിച്ച് അത് നിരാകരിക്കാമായിരുന്നു. പലരും നിരസിച്ചിട്ടുണ്ട്. അങ്ങനെ നിരസിക്കേണ്ടെന്ന് എനിക്ക് തോന്നി. അവര്‍ ഉന്നയിക്കാനുള്ളത് ഉന്നയിക്കട്ട,’ സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ പ്രേരിതമാണ് ഇന്ന് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയമെന്നും സ്പീക്കര്‍ പറഞ്ഞു.

ഡോളര്‍ക്കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവിശ്വാസ പ്രമേയം നല്‍കിയത്.

സ്പീക്കറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ ഭരണഘടനാ പരമായ നടപടികള്‍ പാലിച്ചുകൊണ്ട് യുക്തമായ നടപടി ഉണ്ടാകുമെന്ന് സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് ചര്‍ച്ചയ്ക്ക സ്പീക്കറുടെ ഡയസില്‍ ഡെപ്യൂട്ടി സ്പീക്കറാണ് ഇരിക്കുന്നത്.

പ്രമേയം തടയുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വളരെ അപൂര്‍വ്വമായാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം നല്‍കാറുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Speaker Sreeramakrishnan says about the no-confidence motion against him