പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. നാട്ടിലൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്പീക്കര്‍ എന്ന പ്രോട്ടോക്കോള്‍ നോക്കേണ്ടതില്ലെന്ന് സ്പീക്കര്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പ്രതികരിച്ചു.
ജനപ്രതിനിധി എന്ന നിലയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. സമാധാനയോഗം അതിന്റെ വഴിക്ക് നടക്കും, കേസ് മറ്റൊരു വഴിക്കും മുന്നോട്ട് പോകും, കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. സമാധാനയോഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായകമാകുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
പാലക്കാട് ഇരട്ടകൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ വൈകാതെ പിടികൂടും. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വെച്ചാണ് സര്‍വകക്ഷിയോഗം നടക്കുക. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബി.ജെ.പി, പോപ്പുലര്‍ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരാവും യോഗത്തിനെത്തുക. നിലപാട് തീരുമാനിക്കാന്‍ രാവിലെ ബി.ജെ.പി നേതാക്കള്‍ യോഗം ചേരും.
അതേസമയം, ഇരട്ടക്കൊലപാതകത്തില്‍ കസ്റ്റഡിയിലായ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ കൃത്യത്തില്‍ പങ്കെടുത്തവരെ സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിലെ ആറു പ്രതികളില്‍ ചിലര്‍ വലയിലാവുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
Content Highlights: Speaker MB Rajesh will attend meeting in Palakkad