നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാല്‍പന്ത് മഹോത്സവത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. നാളെ ഖത്തറില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തിരി തെളിയുമ്പോള്‍ കിരീടം ചൂടണമെന്ന മോഹവുമായാണ് ഓരോ ടീമും കളത്തിലിറങ്ങുക.
എന്നാല്‍ തന്റെ രാജ്യത്തിന് ലോകകപ്പ് കിരീടമുയര്‍ത്താനായില്ലെങ്കിലും ഇത്തവണ അര്‍ജന്റീന വിജയികളാകട്ടെ എന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍ സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വ്. മെസിയെ പോലൊരു പ്രതിഭ ലോകകപ്പ് നേടാനാകാതെ വിരമിക്കുന്നത് അന്യായമൈണെന്നും അദ്ദേഹം പറഞ്ഞു.
”ഖത്തര്‍ ലോകകപ്പില്‍ സ്‌പെയിന്‍ വിജയിച്ചില്ലെങ്കിലും അര്‍ജന്റീന ജേതാക്കളാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം മെസിയെ പോലൊരു പ്രതിഭ ലോകകപ്പ് കിരീടം നേടാനാകാതെ വിരമിക്കുന്നത് വലിയ അന്യായമാണ്,’ ലൂയിസ് എന്റിക്വ് വ്യക്തമാക്കി.
നിലവില്‍ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സൂപ്പര്‍ സ്‌ട്രൈക്കറായ ലയണല്‍ മെസി ബാഴ്‌സലോണയില്‍ എന്റിക്വിന്റെ പരിശീലനത്തില്‍ നിരവധി റെക്കോഡുകള്‍ നേടിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, ക്ലബ്ബ് വേള്‍ഡ് കപ്പ് തുടങ്ങി ധാരാളം അവാര്‍ഡുകളാണ് എന്റിക്കും മെസിയും ചേര്‍ന്ന് ബാഴ്‌സക്കായി നേടിയത്. കരിയറില്‍ പരിശീലനം നല്‍കിയിട്ടുള്ളവരില്‍ എന്റിക്വിന് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മെസി.
അതേസമയം ഖത്തറില്‍ നടക്കാനിരിക്കുന്നത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടം നേടിക്കൊടുക്കണമെന്നത് തന്റെ വലിയ സ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മെസിയുടെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പാണ് ഖത്തറിലേത്. അഞ്ച് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കളിക്കുന്ന താരവുമാണ് മെസി.
35 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ഇത്തവണ ഖത്തര്‍ ലോകകപ്പിനിറങ്ങുന്നത്. തുടര്‍ച്ചയായി പരാജയം അറിയാതെ മെസിക്കും സംഘത്തിനും മുന്നേറാനായത് ഖത്തറിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നവംബര്‍ 26ന് സൗദി അറേബ്യയുമായാണ് അര്‍ജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്‌സിക്കോയും പോളണ്ടുമാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകള്‍. ഇതില്‍ മെക്‌സിക്കോയെ നവംബര്‍ 27നും പോളണ്ടിനെ ഡിസംബര്‍ ഒന്നിനുമാണ് അര്‍ജന്റീന നേരിടുക.