Advertisement
Sports News
പാകിസ്ഥാനെ തുരത്തി പ്രോട്ടിയാസ് പട, പണി കിട്ടിയത് ഇന്ത്യയ്ക്ക്!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 30, 02:45 am
Monday, 30th December 2024, 8:15 am

പാകിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ആവേശം നിറഞ്ഞ നിര്‍ണായക മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് പ്രോട്ടിയാസിന്റെ വിജയം.

സ്‌കോര്‍

പാകിസ്ഥാന്‍ – 211 & 237

സൗത്ത് ആഫ്രിക്ക – 301 & 150/8 (T: 148)

സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്റെ നാലാം നമ്പര്‍ ബാറ്റര്‍ കമ്രാന്‍ ഗുലാം നേടിയ അര്‍ധ സെഞ്ച്വറി ബലത്തില്‍ ടീം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.

54 റണ്‍സാണ് ഗുലാം നേടിയത്. അവസാന ഘട്ടത്തില്‍ ആമിര്‍ ജമാല്‍ 28 റണ്‍സും നേടി. പ്രോട്ടിയാസിന്റെ ഡെയിന്‍ പാറ്റേഴ്‌സന്‍ നേടിയ അഞ്ച് വിക്കറ്റിന്റെ മികവിലാണ് മെന്‍ ഇന്‍ ഗ്രീന്‍ തകര്‍ന്നത്. മാത്രമല്ല കോര്‍ബിന്‍ ബോഷ് നാല് വിക്കറ്റ് നേടുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ പ്രോട്ടിയാസിന് വേണ്ടി 89 റണ്‍സ് നേടി ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം മികവ് പുലര്‍ത്തി. മാത്രമല്ല വിക്കറ്റ് വീഴ്ത്തിയ കോര്‍ബിന്‍ ബോഷ് പുറത്താകാതെ 81 റണ്‍സ് നേടി അമ്പരപ്പിച്ചു. പാകിസ്ഥാന് വേണ്ടി ഖുറാം ഷഹസാദ്, നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആമിര്‍ ജമാല്‍ രണ്ട് വിക്കറ്റും അബ്ബാസ്, സൈം അയൂബ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പ്രോട്ടിയാസിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ക്യാപ്റ്റന്‍ തെംബ ബാവുമയാണ്. 40 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 37 റണ്‍സും നേടി മികവ് പുലര്‍ത്തി. അവസാന ഘട്ടത്തില്‍ കഗീസോ റബാദ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു.

പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ് ആറ് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഷഹസാദ്, ആമിര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. എന്നാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടതോടെ പാകിസ്ഥാന് തോല്‍വി സമ്മതിക്കേണ്ടി വന്നു.

ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ പ്രോട്ടിയാസിന് സാധിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയുടെ സാധ്യതകളും മങ്ങി. ഈ മത്സരത്തില്‍ പ്രോട്ടിയാസ് പരാജയപ്പെടുകയും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലും അഞ്ചും ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുകയും ചെയ്താല്‍ ഫൈനലിസ്റ്റില്‍ ഇന്ത്യയ്ക്ക് ഇടം നേടാന്‍ സാധിക്കുമായിരുന്നു. ഇനി ബി.ജി.ടി സ്വന്തമാക്കി മടങ്ങാനാവും ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

Content Highlight: South Africa In 2024-25 WTC Final