Sports News
അവന്‍ ലോകകപ്പ് നേടുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അവനെ നിയമിച്ചത് ഞാനാണ്; മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 14, 11:18 am
Sunday, 14th July 2024, 4:48 pm

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ ഐതിഹാസികമായ വിജയം.

ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക പങ്കാണ് രോഹിത് വഹിച്ചത്. 2023 ഏകദിനലോകകപ്പില്‍ ഫൈനല്‍ വരെ ഒരുകളി പോലും തോല്‍ക്കാതെയാണ് ഇന്ത്യ രോഹിത്തിന്റെ കീഴില്‍ വമ്പന്‍ പ്രകടനം കാഴ്ചവെച്ചത്.

ഒരു സമയത്ത് ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇല്ല എന്ന് പറഞ്ഞിരുന്ന രോഹിത്തിനെ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിന്റെയും ക്യാപ്റ്റനായി തെരഞ്ഞെടുത്തത് മുന്‍ ഇന്ത്യന്‍ താരവും ബി.സി.സി.ഐ അംഗവുമായ സൗരവ് ഗാംഗുലിയായിരുന്നു. എന്നാല്‍ രോഹിത്തിനെ തെരഞ്ഞെടുത്തതില്‍ കടുത്തവിമര്‍ശനങ്ങളാണ് താരം നേരിട്ടതെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ഗാംഗുലി.

‘രോഹിത് ശര്‍മയെ ഇന്ത്യന്‍ നായകസ്ഥാനം ഏല്‍പ്പിച്ചപ്പോള്‍ എല്ലാവരും എന്നെ വിമര്‍ശിച്ചു, എന്നാല്‍ അവന്‍ അത് ചെയ്യുമെന്ന് എനിക്കുറപ്പായിരുന്നു. ഇപ്പോള്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ ടി-20 ലോകകപ്പ് നേടി, എല്ലാവരും എന്നെ അധിക്ഷേപിക്കുന്നത് നിര്‍ത്തി. സത്യത്തില്‍ അവനെ നിയമിച്ചത് ഞാനാണെന്ന് എല്ലാവരും മറന്നിരിക്കുന്നു,’ സൗരവ് ഗാംഗുലി ആജ് തക് പരിപാടിയില്‍ പറഞ്ഞു.

ഇനി ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫിയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റ് നടത്തുന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ്.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്‌സ് ബോര്‍ഡ് തീരുമാനിച്ചതായാണ് വിവരം.

ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണമെന്ന് ഐ.സി.സിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടെതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.

 

Content Highlight: Sourav Ganguly Talking About Rohit Sharma