ഇന്ത്യയുടെ പ്രതാപകാലത്തെ കൂട്ടുകെട്ടിനെ വീണ്ടും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി.
ദ്രാവിഡ്, സെവാഗ്, വി.വി.എസ് ലക്ഷ്മണ്‍, സച്ചിന്‍, ഗാംഗുലി എന്നിവരടങ്ങുന്ന ‘ഫാബുലസ് ഫൈവി’നെ തിരികെ ഇന്ത്യന്‍ ക്രിക്കറ്റിലേക്കെത്തിക്കാനാണ് ദാദയുടെ ശ്രമം.
നിലവില്‍ ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനും ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനും ലക്ഷ്മണ്‍ എന്‍.സി.എയുടെ തലവനുമാണ്. ഇതിന് പിന്നാലെയാണ് സച്ചിനെയും നിര്‍ണായക ചുമതലയേല്‍പിക്കാന്‍ ഗാംഗുലി ഒരുങ്ങുന്നത്.
ക്രിക്കറ്റില്‍ നിന്നും വിരമിച്ച മറ്റ് താരങ്ങളെ പോലെ കോച്ചിംഗിലും കമന്ററിയിലുമൊന്നും സച്ചിന്‍ സജീവമല്ല. മുന്‍പ് മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ സ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും അധികകാലം ആ ചുമതലയിലും സച്ചിന്‍ നിലനിന്നില്ല.
എന്നാലിപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ തിരികെയെത്തിക്കാനുള്ള നിര്‍ണായക കരുനീക്കത്തിലാണ് ദാദ. ‘ബാക്‌സ്‌റ്റേജ് വിത്ത് ബോറിയ’ എന്ന ടോക് ഷോയിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
‘സച്ചിന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ്. ഇതിലൊന്നും അദ്ദേഹത്തിന് താത്പര്യല്ല. ഏതെങ്കിലും തരത്തില്‍ സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാവുന്നുണ്ടെങ്കില്‍ അതിനെക്കാള്‍ മികച്ച മറ്റൊരു വാര്‍ത്തയില്ല. എന്നാല്‍ അതിന് മുന്‍പ് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്,’ ഗാംഗുലി പറയുന്നു.
നമ്മുടെ കയ്യിലെ ഏറ്റവും കഴിവുള്ള ആളെ മികച്ച രീതിയില്‍ തന്ന വിനിയോഗിക്കാന്‍ സാധിക്കണമെന്നും, സാഹചര്യം അനുകൂലമാവുമ്പോള്‍ സച്ചിന്‍ ടീമിന്റെ ഭാഗമാവുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ദ്രാവിഡിനെ ഗാംഗുലിയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവന്നത്. രവിശാസ്ത്രി പടിയിറങ്ങിയ സ്ഥാനത്തേക്കാണ് ഗാംഗുലി ദ്രാവിഡിനെ നിയമിച്ചിരിക്കുന്നത്.
ഈ ഡിസംബര്‍ 13നാണ് ലക്ഷ്മണ്‍ എല്‍.സി.എയുടെ തലവനായി ചുമതലയേറ്റത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്ററായും ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിന്റെ മെന്ററുമായി പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്മണ്‍.