Entertainment news
ഇനി ഇതുപോലെ ഒരു സിനിമ എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല; ഇലവീഴാപൂഞ്ചിറയിലെ റോളിനെ പറ്റി സൗബിന്‍ ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 27, 12:39 pm
Monday, 27th June 2022, 6:09 pm

സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ഇലവീഴാപൂഞ്ചിറയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ആകാംക്ഷയുണര്‍തുന്ന ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ട്രെയ്‌ലര്‍ റിലീസിങ് വേദിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നേരിട്ട വെല്ലുവിളികളെ പറ്റിയും കഥാപാത്രത്തിന്റെ സവിശേഷതകളെ പറ്റിയും പറയുകയാണ് സൗബിന്‍.

‘റെയിഞ്ചില്ലാത്ത സ്ഥലത്തായിരുന്നു ഷൂട്ടിങ്. ഒരുപാട് വെല്ലുവിളികള്‍ക്കിടയിലാണ് ഷൂട്ടിങ് നടന്നത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്കിത് ചെയ്യണം എന്ന് തോന്നി. കാരണം ഇനി ഒരിക്കലും ഇതുപോലെയൊരു കഥാപാത്രം ചെയ്യാന്‍ എനിക്ക് കഴിയില്ല. ഷാഹി ഇക്കയോടും ഇത് ചെയ്യണം എന്ന് തന്നെ ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു;’ സൗബിന്‍ പറയുന്നു.

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റോറിയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ.എച്ച്.ഡി.ആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഇലവീഴാപൂഞ്ചിറയ്ക്കുണ്ട്.

കപ്പേളയ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മിക്കുന്ന ചിത്രമാണിത്. നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം മനീഷ് മാധവന്‍, എഡിറ്റിങ് കിരണ്‍ ദാസ്, സംഗീതം അനില്‍ ജോണ്‍സണ്‍, കളറിസ്റ്റ് റോബര്‍ട്ട് ലാങ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് നാഥ്, സൗണ്ട് മിക്‌സിങ് പ്രമോദ് തോമസ്, സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്, സ്റ്റുഡിയോ ആഫ്റ്റര്‍ സ്റ്റുഡിയോസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ അഗസ്റ്റിന്‍ മസ്‌കരാനസ്, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, മേയ്ക്കപ്പ് റോണക്‌സ് സേവ്യര്‍, സിങ്ക് സൗണ്ട് പി. സാനു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി.


സംഘട്ടനം മുരളി ജി, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍ ജിത്തു അഷ്‌റഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് റിയാസ് പട്ടാമ്പി, വി.എഫ്.എക്‌സ് മൈന്‍ഡ് സ്റ്റീന്‍ സ്റ്റുഡിയോസ്- എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റില്‍സ് നിദാദ് കെ.എന്‍, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ഹെയിന്‍സ്.

Content Highlight : Soubin shahir about the role in  Elaveezhapoonchira