IPL
അടിച്ച ഒറ്റ സിക്‌സറില്‍ വീണത് സഞ്ജുവും കോഹ്‌ലിയും മുതല്‍ ധോണിയും രോഹിത്തും വരെ; ക്ലാസിക് രാഹുല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 19, 12:40 pm
Saturday, 19th April 2025, 6:10 pm

ശനിയാഴ്ച നടക്കുന്ന ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് അക്‌സര്‍ പട്ടേലിനെയും സംഘത്തെയും ബാറ്റിങ്ങിനയച്ചു.

ക്യാപ്പിറ്റല്‍സിനായി വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ 14 പന്തില്‍ 28 റണ്‍സ് നേടി പുറത്തായിരുന്നു. നാല് ഫോറും ഒരു സിക്‌സറും അടക്കം 200.00 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ടൈറ്റന്‍സിനെതിരെ നേടിയ ഏക സിക്‌സറിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും കെ.എല്‍. രാഹുലിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ കരിയറിലെ 129ാം ഇന്നിങ്‌സിലാണ് രാഹുല്‍ സിക്‌സറടിച്ച് ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഐ.പി.എല്ലില്‍ 200 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന 11ാം താരവും ആറാം ഇന്ത്യന്‍ താരവുമാണ് രാഹുല്‍.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)

(താരം – ഇന്നിങ്‌സ്)

കെ.എല്‍. രാഹുല്‍ – 129*

സഞ്ജു സാംസണ്‍ – 159

എം.എസ്. ധോണി – 165

വിരാട് കോഹ്‌ലി – 180

രോഹിത് ശര്‍മ – 180

സുരേഷ് റെയ്‌ന – 193

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത് താരമെന്ന റെക്കോഡും ഇതോടൊപ്പം രാഹുലിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. 69 ഇന്നിങ്‌സില്‍ നിന്നും 200 സിക്‌സര്‍ നേടിയ ക്രിസ് ഗെയ്‌ലും 97 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടത്തിലെത്തിയ ആന്ദ്രേ റസലുമാണ് രാഹുലിന് മുമ്പിലുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സറുകള്‍ നേടിയ താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)

(താരം – ഇന്നിങ്‌സ് എന്നി ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 69

ആന്ദ്രേ റസല്‍ – 97

കെ.എല്‍. രാഹുല്‍ – 129*

എ.ബി. ഡി വില്ലിയേഴ്‌സ് – 137

ഡേവിഡ് വാര്‍ണര്‍ – 148

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 150

സഞ്ജു സാംസണ്‍ – 159

എം.എസ്. ധോണി – 165

വിരാട് കോഹ്‌ലി – 180

രോഹിത് ശര്‍മ – 180

സുരേഷ് റെയ്‌ന – 193

 

അതേസമയം, ആറാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റില്‍ നഷ്ടത്തില്‍ 203 റണ്‍സ് നേടി. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ (32 പന്തില്‍ 39), അശുതോഷ് ശര്‍മ (17 പന്തില്‍ 37), കരുണ്‍ നായര്‍ (18 പന്തില്‍ 31), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31) എന്നിവരുടെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

 

Content Highlight: IPL 2025: GT vs DC: KL Rahul becomes the fastest Indian player to hit 200 IPL sixes