Entertainment
ഞാന്‍ ഫഹദിനോട് ചോദിച്ചിരുന്നു, പുള്ളി അങ്ങനെ ഓണ്‍ലൈനില്‍ വരാറില്ല, എന്നിട്ടും അദ്ദേഹം സമ്മതിച്ചു: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 12:16 pm
Saturday, 19th April 2025, 5:46 pm

സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് നടന്‍ ഫഹദ് ഫാസിലും വിനയ് ഫോര്‍ട്ടുമെല്ലാം. മലയാളത്തില്‍ സ്വന്തം സിനിമകള്‍ക്കല്ലാതെ സുഹൃത്തുക്കളുടെ സിനിമകള്‍ പ്രൊമോട്ട് ചെയ്യാനും താരങ്ങള്‍ പലപ്പോഴായി തയ്യാറാകാറുണ്ട്.

‘ആട്ടം’ എന്ന ചിത്രത്തിന് ശേഷം വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സംശയം. സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന. രാജേഷ് രവിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

‘സംശയത്തി’ന്റെ രസകരമായ ഒരു പ്രൊമോ വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിനയ് ഫോര്‍ട്ടിനൊപ്പം നടന്‍ ഫഹദ് ഫാസിലായിരുന്നു പ്രൊമോ വീഡിയോയില്‍ ഉണ്ടായിരുന്നത്. പരസ്പരം സംശയിച്ചിരിക്കുന്ന ഫഹദ് ഫാസിലിനെയും വിനയ് ഫോര്‍ട്ടിനെയുമായിരുന്നു വിഡിയോയില്‍ കണ്ടത്.

പ്രൊമോ വീഡിയോയ്ക്കായി ഫഹദ് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. പൊതുവെ അങ്ങനെ ഓണ്‍ലൈനില്‍ വരുന്ന ആളല്ല ഫഹദെന്നും വന്നാല്‍ ഭീകര അറ്റന്‍ഷന്‍ കിട്ടുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

‘ സിനിമയുടെ ട്രെയിലര്‍ ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഫസ്റ്റ് ലുക്ക് ഇറങ്ങുന്നതിന്റെ തലേദിവസം അതിലേക്ക് ഒരു അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയിട്ട് ഞാനും ഫഹദും ചെയ്ത ഒരു പ്രൊമോ പരിപാടിയിരുന്നു അത്.

ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയിലും കോ ആക്ടര്‍ എന്ന നിലയിലും ഫഹദിന്റെ സ്‌നേഹം കൂടിയാണ് അത്.

സംശയം ഒരു വലിയ സ്‌കേലിലുള്ള സിനിമയല്ല. ഭയങ്കര സോള്‍ ഫുള്‍ ആയിട്ടുള്ള ചെറിയ സിനിമയാണ്. ഈ സിനിമയ്ക്ക് അറ്റന്‍ഷന്‍ കിട്ടണമെങ്കില്‍ നമുക്ക് അങ്ങനെ എന്തെങ്കിലും പരിപാടി ചെയ്യണമെന്ന് തോന്നി.

ഫഹദ് അങ്ങനെ ഓണ്‍ലൈനില്‍ വരാത്ത ആളാണ്. പുള്ളി ഓണ്‍ലൈനില്‍ വന്നു കഴിയുമ്പോള്‍ ഭീകര അറ്റന്‍ഷന്‍ ഉണ്ടാകുമെന്ന് നമുക്കറിയാം. ഞാന്‍ ഇത് അദ്ദേഹത്തോട് ചോദിക്കുകയും അദ്ദേഹം പൂര്‍ണസമ്മതത്തോടുകൂടി എപ്പോള്‍ ചെയ്യണമെന്ന് ചോദിക്കുകയും ചെയ്തു.

അങ്ങനെ ചെയ്തു. അങ്ങനെ ഒരു ടീസര്‍ വന്നതോടുകൂടി സംശയത്തിന് നല്ലൊരു അറ്റന്‍ഷന്‍ കിട്ടി.

പിന്നെ നമ്മള്‍ ആക്ടേഴ്‌സ് ആകുമ്പോള്‍ നമുക്ക് ഏറ്റവും സന്തോഷം ഉണ്ടാകുക നമുക്ക് പ്രതീക്ഷയുള്ള സിനിമ റിലീസ് ആകുമ്പോഴാണ്. നമ്മള്‍ ഇത് ചെയ്യുന്നത് ജനങ്ങള്‍ക്ക് കാണാന്‍ വേണ്ടിയിട്ടാണല്ലോ.

ഓരോ സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്ക് ഓരോ തരത്തിലുള്ള ഫീലിങ്‌സാണ്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ ഭയങ്കര സന്തോഷമുണ്ടാകും.

സംശയത്തിന്റെ കാര്യത്തില്‍ ഞാന്‍ ഇതിന്റെ ഭാഗമായതില്‍ എനിക്ക് അഭിമാനമാണ് തോന്നിയത്. ആ സിനിമ റിലീസാകാന്‍ പോകുന്നു. അത് ഏറ്റവും പ്രിയപ്പെട്ട ആളുകളെ കാണിക്കാന്‍ പറ്റുന്നു എന്ന എക്‌സൈറ്റ്‌മെന്റ് ഉണ്ട്.

ഈ സിനിമയുടെ പോസ്റ്റര്‍ കണ്ട് ചിലര്‍ സംശിക്കുന്നുണ്ട്. ആ സംശയമല്ല ശരിക്കും ഈ സിനിമ. സിനിമ തുടങ്ങുന്നത് കല്യാണത്തിലൂടെയാണ്. തുടര്‍ന്നുള്ള ജീവിതങ്ങളും കാര്യങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്,’ വിനയ് ഫോര്‍ട്ട് പറയുന്നു.

Content Highlight: Actor Vinay Forrt about Fahadh Faasil and His Request