തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. ആദ്യ ചിത്രമായ പിസയിലൂടെ തന്നെ ശ്രദ്ധേയനായ കാര്‍ത്തിക് പിന്നീട് വ്യത്യസ്ത ഴോണറുകളില്‍ മികച്ച സിനിമകള്‍ മാത്രം ചെയ്ത് തമിഴിലെ മുന്‍നിരയിലേക്ക് വളരെ വേഗം ഇടംപിടിച്ചു. 2019ല്‍ രജിനികാന്തിനെ നായകനാക്കി പേട്ട എന്ന ചിത്രത്തിലൂടെ മാസ് സിനിമകളും തനിക്ക് ചേരുമെന്ന് തെളിയിച്ചു.
സൂര്യയെ നായകനാക്കി ഒരുക്കുന്ന റെട്രോയാണ് കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം. മലയാളി താരം ജോജു ജോര്‍ജും റെട്രോയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ അച്ഛനായാണ് ജോജു വേഷമിടുന്നത്. ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ പണി എന്ന സിനിമയുടെ ഷൂട്ടിന്റെ ബ്രേക്കിനിടയിലാണ് ജോജു റെട്രോയില്‍ അഭിനയിച്ചത്.
ജോജുവിനെക്കുറിച്ചും പണി എന്ന സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. ഷൂട്ട് തീര്‍ത്ത ശേഷം തന്റെ ഓഫീസില്‍ വെച്ച് ജോജു പണി എന്ന സിനിമ കാണിച്ചു തന്നിരുന്നെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. വളരെ മികച്ച സിനിമയായിരുന്നു പണിയെന്നും ജോജുവില്‍ നിന്ന് അത്തരമൊരു സിനിമ പ്രതീക്ഷിച്ചിരുന്നില്ലെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.
ഒരു ഫാമിലി ഡ്രാമയായിരിക്കും ജോജു സംവിധാനം ചെയ്യുന്നുണ്ടാകുക എന്ന് വിചാരിച്ചെന്നും അയാള്‍ മുമ്പ് അഭിനയിച്ച് സിനിമകള്‍ അങ്ങനെയുള്ളതായിരുന്നെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. സിനിമയുടെ ട്രെയ്‌ലറൊന്നും താന്‍ കണ്ടിരുന്നില്ലെന്നും എന്നാല്‍ സിനിമ കണ്ടപ്പോള്‍ തനിക്ക് വലിയ ഇഷ്ടമായെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ആ സിനിമ ഹിറ്റാകുമെന്ന് അപ്പോഴേ ഉറപ്പായെന്നും കാര്‍ത്തിക് പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സുബ്ബരാജ്.
‘പണിയുടെ ഷൂട്ടൊക്കെ കഴിഞ്ഞ് റിലീസിന് മുമ്പ് ജോജു പണി എന്ന സിനിമ ഞങ്ങള്‍ക്ക് കാണിച്ചുതന്നിരുന്നു. ഇവിടെ ചെന്നൈയില്‍ ഞങ്ങളുടെ ഓഫീസില്‍ വെച്ചായിരുന്നു കാണിച്ചുതന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായി ആ സിനിമ. ജോജുവില്‍ നിന്ന് ഒരിക്കലും അങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചിരുന്നില്ല. സംവിധാനം ചെയ്യുമ്പോള്‍ ഒരു ഫാമിലി ഡ്രാമയായിരിക്കും എന്നാണ് കരുതിയത്.
കാരണം, അതിന് മുമ്പ് ജോജു ചെയ്ത സിനിമകളെല്ലാം അത്തരത്തിലുള്ള സിനിമകളായിരുന്നല്ലോ. മലയാളിത്തമുള്ള റിയലിസ്റ്റിക് പടങ്ങളായിരുന്നു ജോജു അഭിനയിച്ചതില്‍ കൂടുതലും. പണിയുടെ ട്രെയ്‌ലര്‍ പോലും ഞാന്‍ കണ്ടിരുന്നില്ല. സിനിമ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. ഈ പടം എന്തായാലും ഹിറ്റാകുമെന്ന് ജോജുവിനോട് പറയുകയും ചെയ്തു,’ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.
Content Highlight: Karthik Subbaraj about Joju George and Pani movie