തിരുവനന്തപുരം: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നയത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
അമേരിക്കയ്ക്ക് കീഴടങ്ങിക്കൊണ്ടുള്ള സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എ.കെ.ജി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസ് നയം കേരളത്തെയും വലിയ രീതിയില്‍ ബാധിക്കുമെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് 1000 കോടി രൂപയുടെ സമുദ്രോത്പ്പന്നങ്ങളാണ് യു.എസില്‍ എത്തുന്നത്. ഇതില്‍ പലതിനും തീരുവയില്ല. കേരളത്തില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യു.എസെന്നും അദ്ദേഹം പറഞ്ഞു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 399.7 കോടിയുടെ കാര്‍ഷിക ഉത്പന്നങ്ങളാണ് യു.എസിലേക്ക് കയറ്റിയയച്ചത്. ഇതിന് അമേരിക്ക ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം 5.5 ആയിരുന്നു. പുതിയ അമേരിക്കന്‍ ചുങ്കം പ്രകാരം ഇത് 37 ശതമാനമായി വര്‍ധിക്കും. ഇതോടെ യു.എസിലേക്കുള്ള കേരളത്തില്‍ നിന്നുള്ള കയറ്റുമതി ഗണ്യമായി കുറയുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ചെമ്മീന്‍, പച്ചക്കറി, അരി, കശുവണ്ടി, പഴം തുടങ്ങിയവയുടെ ഏകദേശം 500 കോടി രൂപയോളം വരുന്ന കയറ്റുമതി നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കയറ്റുമതിയുടെ 20 ശതമാനം അമേരിക്കയിലേക്കാണ് എത്തുന്നത്. 100 ശതമാനം ഇറക്കുമതി ചുങ്കം ഈടാക്കുമെന്ന യു.എസ് നയം വലിയ ആഘാതമാണ് സൃഷ്ടിക്കുകയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഈ വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഗൗരവത്തിലെടുക്കണം. കാരണം കേന്ദ്രം ഇക്കാര്യത്തില്‍ ഒരു നിലപാട് എടുക്കുന്നില്ല. അവരുടെ പാര്‍ട്ടിക്ക് ഇതില്‍ ഒരു താത്പര്യവും ഇല്ലെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനുപുറമെ വഖഫ് നിയമ ഭേദഗതി ന്യൂനപക്ഷ അവകാശങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ചുള്ളതാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ആര് എതിര്‍ത്താലും ബില്‍ നിയമമാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വെല്ലുവിളിച്ചത്.
എന്നാല്‍ ഇതിനുള്ള ഒരു തിരിച്ചടിയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരെ രണ്ടാം പൗരന്മാരായി തരംതാഴ്ത്തുക എന്നതാണ് കേന്ദ്രത്തിന്റെ മറ്റൊരു ലക്ഷ്യമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
Content Highlight: US tariff policy will affect Kerala too; Centre’s approach to Trump is one of surrender: M.V. Govindan