പന്തുകൊണ്ട് സെഞ്ച്വറി നേട്ടം! പാകിസ്ഥാനെ തരിപ്പണമാക്കി ചരിത്രനേട്ടത്തിലേക്ക് ഇംഗ്ലണ്ട് സൂപ്പർ താരം
Cricket
പന്തുകൊണ്ട് സെഞ്ച്വറി നേട്ടം! പാകിസ്ഥാനെ തരിപ്പണമാക്കി ചരിത്രനേട്ടത്തിലേക്ക് ഇംഗ്ലണ്ട് സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th May 2024, 7:47 am

ഇംഗ്ലണ്ട് വിമണ്‍സും-പാകിസ്ഥാന്‍ വിമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് 178 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ചെമ്‌സ്‌ഫോര്‍ഡിലെ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 29.1 ഓവറില്‍ പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ട് ബൗളിങ്ങിൽ സോഫി എക്ലേസ്റ്റോണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 4.1 ഒരു ഓവറില്‍ ഒരു മെയ്ഡൻ ഉള്‍പ്പെടെ 15 റണ്‍സ് വിട്ടു നല്‍കിയാണ് താരം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 3.60 എക്കണോമിയില്‍ പന്തെറിഞ്ഞ സോഫി പാക് താരങ്ങളായ ആലിയ റിയാസ്, ഉമ ഹാനി, നഷ്ര സന്ധു എന്നിവരെ പുറത്താക്കിയാണ് കരുത്ത് കാട്ടിയത്.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും സോഫിയ സ്വന്തമാക്കി. വിമണ്‍സ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് ഇംഗ്ലണ്ട് താരം സ്വന്തമാക്കിയത്. 63 മത്സരങ്ങളില്‍ നിന്നുമാണ് താരം 100 വിക്കറ്റ് നേട്ടത്തില്‍ എത്തിയത്. 64 മത്സരങ്ങള്‍ നിന്നും ഈ നേട്ടത്തില്‍ എത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ താരം കാതറിന്‍ ഫിറ്റ്സ്പാട്രിക്കിനെ മറികടന്നു കൊണ്ടായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ മുന്നേറ്റം.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി 117 പന്തില്‍ പുറത്താവാതെ 124 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 14 ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

42 പന്തില്‍ 44 റണ്‍സ് നേടി ഡാനി വൈറ്റും 42 പന്തില്‍ പുറത്താവാതെ 39 റണ്‍സ് നേടി ആലീസ് ക്യാപ്‌സിയും ടീമിനെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

പാകിസ്ഥാനായി 55 പന്തില്‍ 47 നേടിയ മുനീല അലിയും 41 പന്തില്‍ 36 റണ്‍സ് നേടിയ ആലിയ റിയാസും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഇംഗ്ലണ്ട് കൂറ്റന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Sophie Ecclestone create a new record in Womens ODI