ന്യൂയോര്‍ക്ക്: താലിബാന്‍ വെടിവെച്ചുകൊന്ന റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ മക്കള്‍ അദ്ദേഹത്തെ പ്രതിനിധീകരിച്ച് പുലിറ്റ്സര്‍ സമ്മാനം സ്വീകരിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഡാനിഷ് സിദ്ദിഖിയുടെ മക്കളായ യൂനുസ് സിദ്ദീഖി(6), സാറ സിദ്ദീഖി(4) എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഇതില്‍ മകന്‍ യൂനുസ് സിദ്ദീഖി 2022ലെ മുഴുവന്‍ പുലിറ്റ്സര്‍ സമ്മാന ജേതാക്കളുടെയും കൂട്ടത്തില്‍ നില്‍ക്കുന്ന ചിത്രം ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
ഡാനിഷിന്റെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിനുമുള്ള അംഗീകാരമാണിതെന്ന് പിതാവ് അക്തര്‍ സിദ്ദീഖി പറഞ്ഞു.
‘അവന്റെ പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിക്കുന്നത് കാണാന്‍ ഡാനിഷ് ഇന്ന് നമ്മോടൊപ്പമില്ല. പക്ഷേ അവന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും അഭിമാനവും സന്തോഷവും നല്‍കിക്കൊണ്ടിരിക്കുന്നു,’ അക്തര്‍ സിദ്ദീഖി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ ദുരിത ചിത്രം ലോകത്തിന് കാണിച്ചുകൊടുത്തതിനാണ് ഡാനിഷിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്. രണ്ടാം തവണയാണ് അദ്ദേഹം പുലിറ്റ്‌സര്‍ പുരസ്‌ക്കാരണത്തിന് അര്‍ഹനായത്.
രണ്ടാം കൊവിഡ് തരംഗത്തില്‍ ഇന്ത്യയില്‍ മരണമടഞ്ഞവരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന, ഡാനിഷിന്റെ ചിത്രം ലോക മനഃസാക്ഷിയെ മുഴുവന്‍ വേദനിപ്പിച്ചിരുന്നു. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് പുരസ്‌കാരം.
Danish Siddiqui is not among us. But the feeling of their existence is still there. In the middle of the picture is Yunus Siddiqui, son of photojournalist Danish Siddiqui. Yunus reached New York to take his father’s #PulitzerPrize. pic.twitter.com/MlhLOkLXYh
38 കാരനായ സിദ്ദീഖി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അഫ്ഗാനിസ്ഥാനില്‍ വെച്ച് കൊല്ലപ്പെട്ടത്. കാണ്ഡഹാര്‍ നഗരത്തിലെ സ്പിന്‍ ബോള്‍ഡക് ജില്ലയില്‍ അഫ്ഗാന്‍ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം.