മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിയാകുന്ന ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ നടക്കുക.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. കെജ്‌രിവാള്‍ പങ്കെടുക്കില്ലെന്ന് ആദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രി കമാല്‍ നാഥ് ചടങ്ങില്‍ പങ്കെടുക്കും.
സത്യാപ്രതിജ്ഞാ ചടങ്ങിനു സുരക്ഷയൊരുക്കുന്നതിനു വേണ്ടി ശിവാജി പാര്‍ക്കില്‍ 2000 പൊലീസുകാരെ വിന്യസിക്കും.
അതേസമയം, മഹാരഷ്ട്രയിലെ ആഘാഡി സഖ്യത്തെ എതിര്‍ക്കുന്നില്ലെന്ന് സി.പി.ഐ.എം വ്യക്തമാക്കിയിരുന്നു. ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്താതിരിക്കാന്‍ ശിവസേനയുടെയും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് സി.പി.ഐ.എം. വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദേശപ്രകാരം പക്ഷപാതപരമായ പങ്കുവഹിച്ചതിന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ പുറത്താക്കണമെന്നും സി.പി.ഐ.എം. ആവശ്യപ്പെട്ടിരുന്നു.
ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തിനു പുറമേ 15 മന്ത്രിമാരെക്കൂടി ലഭിക്കും. എന്‍.സി.പിക്ക് 15 മന്ത്രിപദവികള്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കോണ്‍ഗ്രസിനു കിട്ടുന്നത് 13 സ്ഥാനങ്ങളാണ്. ഒപ്പം സ്പീക്കര്‍ പദവിയും. ആകെ 43 മന്ത്രിമാരാകും ഉണ്ടാവുകയെന്നും തീരുമാനമായിട്ടുണ്ട്.
എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഓരോ ഉപമുഖ്യമന്ത്രി പദവികള്‍ നല്‍കാനും ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായ ബാലാസാഹേബ് തൊറാട്ടായിരിക്കും അതിലൊരാള്‍.
എന്നാല്‍ എന്‍.സി.പിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനു മുമ്പ് ആ പദവിയിലേക്കു പരിഗണിച്ചിരുന്നത് അജിത് പവാറിനെയാണ്. എന്നാല്‍ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ജയന്ത് പാട്ടീലിന്റെ പേരാണ് ആ പദവിയിലേക്കു പറഞ്ഞുകേള്‍ക്കുന്നത്.