കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും ഏറ്റവും കൂടുതല്‍ ബാധിച്ചത് അസംഘടിത തൊഴില്‍ മേഖലയെ ആണെന്നതിന് യാതൊരു സംശയവുമില്ല. ഒന്നാം തരംഗത്തില്‍ പ്രധാനമന്ത്രിയുടെ ‘വീടെന്ന ലക്ഷ്മണരേഖയ്ക്ക് അപ്പുറം കടക്കരുതെന്ന’ ആഹ്വാനവും തുടര്‍ന്ന് നഗരങ്ങളിലെ തങ്ങളുടെ താല്ക്കാലിക വാസസ്ഥലങ്ങളില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ കുടിയേറ്റ തൊഴിലാളികളും ചേരികളിലെയും കോളനികളിലെയും താല്ക്കാലിക വാസസ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട് ‘സാമൂഹ്യ അകലം’ പാലിച്ച ബാക്കിയുള്ള തൊഴിലാളികളുമാണ് ഇന്ത്യയിലെ അസംഘടിത മേഖലയുടെ പ്രതിനിധാനങ്ങള്‍.
ലോക്ഡൗണ്‍ കാലയളവില്‍ തൊഴിലും കൂലിയും ഇല്ലാതെ താറുമാറാക്കപ്പെട്ട അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് പോയി എന്ന് ഭരണാധികാരികളും പൊതു സമൂഹവും ആവലാതിപ്പെട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അരിയും സന്നദ്ധ സംഘടനകളുടെയും മറ്റും ഭക്ഷ്യ കിറ്റുകളുടെ വിതരണവും കഴിച്ചാല്‍ ഈ തൊഴിലാളികളുടെ ജീവിതം വളരെ ദുര്‍ഘടാവസ്ഥയിലാണ് മുന്നോട്ടു പോയത്. ഈ അവസ്ഥയില്‍ ജീവന സാദ്ധ്യത നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് 7500 രൂപ വേതന നഷ്ട പരിഹാരം രാജ്യത്തെ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ കേട്ട ഭാവം നടിച്ചിട്ടില്ല.
കോവിഡ് ഒന്നാം തരംഗത്തിനു മുന്നോടിയായി തന്നെ തൊഴിലില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരാണ് ഗാര്‍ഹിക തൊഴിലാളികള്‍. ‘വൈറസ് വാഹക’ രെന്ന ഭയത്തിലായിരുന്നു ആ മാറ്റിനിര്‍ത്തല്‍. അത് പിന്നീട് തൊഴില്‍ സാധ്യതകളെ കൂടി ബാധിച്ചു. വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന വീടുകളില്‍ നിന്ന് വെറും കൈയോടെ ഇറങ്ങി പോകേണ്ട അവസ്ഥ വന്നു. എങ്ങനെ ഇവര്‍ ജീവിച്ചുവെന്നോ അതിജീവിച്ചുവെന്നോ ഭൂരിഭാഗം തൊഴില്‍ ദാതാക്കളും അന്വേഷിച്ചില്ല. എറണാകുളത്ത് 11 വര്‍ഷമായി പണിയെടുത്ത വീട്ടില്‍ നിന്ന് ലോക്ക്ഡൗണിനു മുമ്പ് ഇറങ്ങേണ്ടി വന്ന സുഹറയുടെ അനുഭവവും ഇതുതന്നെയാണ്. അത്രയും ദിവസവും ജോലിയെടുക്കാനാവാതെ മാറി നിന്നപ്പോള്‍ കൈയ്യില്‍ പണം ഉണ്ടോ എന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ തൊഴില്‍ ചെയ്തിരുന്ന വീട്ടുകാര്‍ അന്വേഷിച്ചില്ല.
വീണ്ടും ആ വീട്ടില്‍ തന്നെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം പോകേണ്ട ഗതികേടായിരുന്നു. പുറം പണിക്കായി ആഴ്ച്ചയില്‍ 2 ദിവസം പോയി തുടങ്ങി. പിന്നീട് സ്ഥിരമായി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടാം തരംഗത്തിന്റെ വരവ്. വീട്ടില്‍ സുഹറ ഉള്‍പ്പെടെ എല്ലാവരും കോവിഡ് ബാധിതരായി. സര്‍ക്കാരും മറ്റ് വ്യക്തികളും നല്കുന്ന റേഷന്‍ കിറ്റുകള്‍ മാത്രമായി ആശ്രയം. ദാരിദ്യം എന്താണ് എന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു എന്നാണ് സുഹറ പറയുന്നത്. തൊഴിലുടമ ഇത്തവണയും ഒരു തരത്തിലുള്ള വേതന പിന്തുണയും നല്കിയില്ല. സുഹ്‌റയുടെ അനുഭവം ഭൂരിഭാഗം ഗാര്‍ഹിക തൊഴിലാളികളുടെയും അനുഭവമാണ്.
‘മറ്റുള്ളവരുടെ വീട്’ എന്ന സ്വകാര്യയിടം തൊഴിലിടമായി സ്വീകരിക്കുമ്പോള്‍ ഇന്ത്യയിലെ ഗാര്‍ഹിക തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണിത്. ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളില്‍ ‘വീട്’ ഇന്നും തൊഴിലിടത്തിന്റെ ഭാഗമായിട്ടില്ല. അങ്ങനെ ഗാര്‍ഹിക തൊഴിലാളികളെ ആദ്യമായി ഉള്‍പ്പെടുത്തിയ അസംഘടിത മേഖല സാമൂഹ്യ സുരക്ഷിതത്വ നിയമം,2008 പുതിയ തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി റദ്ദുചെയ്യപ്പെട്ടിരിക്കുന്നു.
പകരം വന്ന സാമൂഹ്യ സുരക്ഷാ കോഡില്‍ നിന്നും ഗാര്‍ഹിക തൊഴിലിനെ കൃത്യമായി പുറത്താക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റ് മുതല്‍ ഇങ്ങ് കേരളത്തിലെ മധ്യ വര്‍ഗ്ഗ കുടുംബനാഥന്‍/നാഥ വരെ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ ഉടമകളാവുമ്പോള്‍ ആരാണ് നിയമ നിര്‍മ്മാണ പ്രക്രിയകളുടെ നൂലാമാലകളിലേക്ക് എടുത്ത് ചാടാന്‍ ആഗ്രഹിക്കുന്നത്. അതു കൊണ്ട് തന്നെയാണ് ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളൊക്കെ അവഗണിച്ചു കൊണ്ട് അവരുടെ സംഘടനകളുടെ ആവശ്യങ്ങള്‍ പോലും പരിഗണിക്കാതെ തള്ളി വിടുന്നത്. ഗാര്‍ഹിക തൊഴിലാളി യൂണിയന്‍ രജിസ്‌ട്രേഷനുകള്‍ പോലും തൊഴില്‍ വകുപ്പുകള്‍ അംഗീകരിക്കുന്നില്ല.
2011 ജൂണ്‍ 16നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന ‘ഗാര്‍ഹിക തൊഴില്‍ അന്തസ്സുള്ള തൊഴില്‍’ എന്ന കണ്‍വന്‍ഷന്‍ 189 പാസ്സാക്കിയത്. പത്ത് വര്‍ഷത്തിലേറെ ലോകമാകമാനമുളള ഗാര്‍ഹിക തൊഴിലാളികള്‍ തങ്ങളുടെ സംഘടനകളില്‍ കൂടി നടത്തിയ ശക്തമായ പോരാട്ടത്തിന്റെയും പ്രചരണങ്ങളുടെയും സമ്മര്‍ദങ്ങളുടേയും ഫലമായാണ് അന്തരാഷ്ട്ര തൊഴില്‍ ചരിത്രത്തില്‍ ഗാര്‍ഹിക തൊഴില്‍ അംഗീകരിക്കപ്പെടുന്നത്. അന്താരാഷ്ട്ര തൊഴില്‍ കോണ്‍ഫറന്‍സില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി നടന്ന ചര്‍ച്ചകളുടെ ഫലമായാണ് C189 എന്ന കണ്‍വന്‍ഷന്‍ യാഥാര്‍ത്ഥ്യമാവുന്നത്.
ആദ്യ വര്‍ഷം ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഈ കണ്‍വന്‍ഷനോട് യോജിച്ചിരുന്നില്ല. എന്നാല്‍ ഗാര്‍ഹിക തൊഴിലാളി സംഘടനകള്‍ നടത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് രണ്ടാം വര്‍ഷത്തില്‍ ഈ കണ്‍വന്‍ഷനെ അനുകൂലിച്ചു കൊണ്ട് വോട്ട് ചെയ്യുന്നതിന് ഭൂരിപക്ഷം രാജ്യങ്ങളും തയ്യാറായത്. ഇന്ന് ഈ കണ്‍വന്‍ഷന്‍ പാസ്സാക്കപ്പെട്ടിട്ട് 10 വര്‍ഷം തികയുന്നു. 2012 – 2021 കാലഘട്ടത്തില്‍ 31 രാജ്യങ്ങള്‍ ഈ കണ്‍വന്‍ഷന്‍ സാധൂകരിച്ചു. 2009 മുതല്‍ ഗാര്‍ഹിക തൊഴിലാളി നയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേശീയ ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യയില്‍ നയത്തിന്റെ പല കരടു പതിപ്പുകളും പുറത്ത് വന്നുവെങ്കിലും കാബിനറ്റില്‍ അന്തിമ തീരുമാനമെടുക്കാതെ മാറ്റി വയ്ക്കപ്പെട്ടു.
യു.പി.എ സര്‍ക്കാരിന്റെ സമയം മുതല്‍ തുടരുന്ന സ്ഥിതി ആണിത്. നയത്തിനും നിയമത്തിനുമായി നിരന്തരം പ്രചരണ- സമ്മര്‍ദ്ദ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരുന്നു. ഇത് ഫലം കാണാതെ വന്നപ്പോള്‍ നയമല്ല നിയമമാണ് ആവശ്യം എന്ന് പറഞ്ഞുകൊണ്ട് ദേശീയ വേദി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. ILO കണ്‍വന്‍ഷന്‍ നിലവില്‍ വന്ന 2012 മുതല്‍ ദേശീയ നിയമത്തിന്റെ കരടു രൂപം തയ്യാറാക്കി പ്രധാനമന്ത്രി, എം.പി.മാര്‍, പാര്‍ലമെന്റ് ലേബര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തുടങ്ങിയവര്‍ക്ക് പെറ്റീഷന്‍ നല്കിയും സാമൂഹിക സംവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇതുവരെയും അനുകൂല നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.
ഒന്നാം തരംഗ കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി തൊഴില്‍ നഷ്ടപരിഹാരമായി ദേശീയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമമനുസരിച്ച് 7500 രൂപ വീതം നല്കണമെന്ന് ദേശീയ തൊഴിലാളി യൂണിയനുകള്‍ എല്ലാം പ്രധാനമന്ത്രിക്ക് നിവേദനം അയച്ചിട്ടും യാതൊരു പ്രതികരണവും ഇല്ല. രണ്ടാം തരംഗ പ്രതിസന്ധി ഗാര്‍ഹിക തൊഴിലാളി മേഖലയില്‍ അതിരൂക്ഷമാണ്. തൊഴില്‍ പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പാസ്സെടുത്ത് പോകാന്‍ അനുവാദം ഉണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിലും പൊതുഗതാഗത ലഭ്യതയില്ലാതിരുന്നതിനാലും രോഗവ്യാപനത്തിന്റെ വര്‍ദ്ധനവും കാരണം ഭൂരിഭാഗം തൊഴിലാളികള്‍ക്കും തൊഴില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല.
സേവ യൂണിയന്റെ അംഗങ്ങളായുള്ള 75 ശതമാനം അംഗങ്ങള്‍ക്കും ഈ കാലയളവില്‍ തൊഴില്‍ നഷ്ടം സംഭവിച്ചു. ഭൂരിഭാഗം തൊഴില്‍ ദാതാക്കളും തൊഴില്‍ നഷ്ട പരിഹാരമായി ഒന്നും നല്കാന്‍ തയ്യാറായില്ല എന്നുള്ളതാണ് സത്യം. അതോടൊപ്പം സര്‍ക്കാര്‍ പിന്തുണയും ലഭിക്കാതെ വരുമ്പോള്‍ പല കുടുംബങ്ങളും അതിദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. വാക്‌സിനേഷന്റെ മുന്‍ഗണനാ പട്ടികയിലും ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
ജനീവയിലെ യു.എന്‍. ഓഫീസില്‍ വെച്ച് നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലേഖിക
ഇന്ത്യയുടെ തൊഴില്‍ സേനയിലെ നിര്‍ണ്ണായക വിഭാഗമായ ഗാര്‍ഹിക തൊഴിലാളികള്‍ എല്ലാത്തരത്തിലും അവഗണിക്കപ്പടുന്ന സ്ഥിതി വിശേഷമാണ് നാം കാണുന്നത്. തൊഴില്‍ നിയമത്തില്‍ നിന്ന് പിന്തള്ളപ്പെടുന്നതോടൊപ്പം സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളില്‍ ഇവരെ ഉള്‍പ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ല. സംഘടിത മേഖലയുടെ സംരക്ഷണം കടം വാങ്ങിയും മറ്റു മാര്‍ഗ്ഗങ്ങളില്‍ കൂടിയും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. എന്നാല്‍ എല്ലാ തരത്തിലും അതിജീവന സാദ്ധ്യതകള്‍ നഷ്ടപ്പെട്ട അസംഘടിത മേഖലയ്ക്ക് നിലനില്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളൊന്നും സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നില്ല. തൊഴില്‍ ദാതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ എങ്ങും പ്രതിപാദിക്കപ്പെടുന്നില്ല.
ILO കണ്‍വന്‍ഷനില്‍ ഈ കാര്യങ്ങളെല്ലാം വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനമായ ജൂണ്‍ 16 ന് വിവിധ ഗാര്‍ഹിക തൊഴിലാളി സംഘടനകള്‍ തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ വീണ്ടും സര്‍ക്കാരിന്റെ മുമ്പാകെ എത്തിക്കുന്നത്. ഗാര്‍ഹിക തൊഴിലാളി നിയമ നിര്‍മ്മാണം, അടിയന്തിര വേതന നഷ്ടപരിഹാരം, വാക്‌സിനേഷന്‍ മുന്‍ഗണന, പൊതുഗതാഗത സൗകര്യം, സാമൂഹ്യ സുരക്ഷ ഇവയെല്ലാം മുന്‍ഗണനയോടു കൂടി പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ത്രികക്ഷി (സര്‍ക്കാര്‍, തൊഴിലാളി സംഘടനകള്‍, തൊഴില്‍ ദാതാക്കളുടെ പ്രതിനിധികള്‍) സാമൂഹ്യ സംവാദം തൊഴില്‍ അവകാശങ്ങളുടെ അടിസ്ഥാനമായ രാജ്യത്ത് അതിനെ അവഗണിക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തി കൊണ്ടിരിക്കുന്നത്. ശക്തമായ തൊഴിലാളി സംഘടനാ അടിത്തറയുള്ള രാജ്യത്ത് തൊഴിലാളികള്‍ ഈ നീക്കത്തെ എല്ലാ ഐക്യത്തോടും കൂടി ഒന്നിച്ച് നിന്ന് ചെറുത്ത് തോല്പിക്കുക തന്നെ വേണം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sonia George Writes on Domestic Workers Issue