'ബി.ജെ.പിയുടെ ഭീഷണി രാജ്യം അഭിമുഖീകരിക്കുന്നു, രാഷ്ട്രീയ അന്തരീക്ഷം വിഷലിപ്തമാണ്'; ഉദ്ധവ് താക്കറെയ്ക്ക് സോണിയാ ഗാന്ധിയുടെ കത്ത്
national news
'ബി.ജെ.പിയുടെ ഭീഷണി രാജ്യം അഭിമുഖീകരിക്കുന്നു, രാഷ്ട്രീയ അന്തരീക്ഷം വിഷലിപ്തമാണ്'; ഉദ്ധവ് താക്കറെയ്ക്ക് സോണിയാ ഗാന്ധിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2019, 7:50 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായാണ് സോണിയ ഉദ്ധവിന് കത്തയച്ചത്.

ബി.ജെ.പിയുടെ ഭീഷണികള്‍ രാജ്യം അഭിമുഖീകരിക്കുന്ന സമയത്താണ് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നതെന്ന് കത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.

‘സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിക്കാന്‍ ആദിത്യ താക്കറെ ഇന്നലെ വന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു’, സോണിയ ഗാന്ധി കത്തില്‍ പറയുന്നു. ഉദ്ധവിന് എല്ലാ ആശംസകളും അറിയിക്കുന്നതായും അവര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാഷ്ട്രീയ അന്തരീക്ഷം വിഷലിപ്തമാവുകയും സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുകയും കര്‍ഷകര്‍ വലിയ ദുരിതങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ടെന്നും സോണിയാ ഗാന്ധി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

‘ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് കക്ഷികള്‍ക്ക് ഒരു പൊതു മിനിമം പരിപാടിയുണ്ട്. അത് നടപ്പാക്കാന്‍ മൂന്നു പാര്‍ട്ടികളും പരമാവധി ശ്രമിക്കുമെന്ന് എനിക്കു ഉറച്ച വിശ്വാസമുണ്ട്’, സോണിയ കത്തില്‍ വ്യക്തമാക്കി.

”സഖ്യം ഏകീകൃതവും ലക്ഷ്യബോധമുള്ളതും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണം കാഴ്ച്ചവെക്കുമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി നമ്മുടെ കൂട്ടായ ശ്രമം നിസ്സംശയമായിട്ടുണ്ടാകും.”, സോണിയ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിട്ടുണ്ട്. ബി.ജെ.പിക്കെതിരായ പുതിയ സഖ്യത്തില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ഥിരതയുള്ളതും പാവങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതുമായ ഒരു മതേതര സര്‍ക്കാരായിരിക്കും മഹാരാഷ്ട്രയില്‍ ഉണ്ടാവുക എന്ന കാര്യത്തില്‍ തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.