Advertisement
national news
'എന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ചിലര്‍'; രാഹുലിനെ ലക്ഷ്യമിട്ട് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 26, 09:07 am
Saturday, 26th December 2020, 2:37 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ചിലര്‍ ജനാധിപത്യം എന്താണെന്ന് തന്നെ പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനുമറുപടിയെന്നോണമായിരുന്നു മോദിയുടെ പരാമര്‍ശം.

‘ദല്‍ഹിയില്‍ ചിലര്‍ എന്നെ അപമാനിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ജനാധിപത്യം എന്തെന്ന് എന്നെ പഠിപ്പിക്കാനാണ് ഇപ്പോള്‍ അവരുടെ ശ്രമം. ഇതിന് മറുപടിയായി എനിക്ക് അവരുടെ മുന്നില്‍ വെയ്ക്കാനുള്ളത് ജമ്മു കശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലമാണ്’, മോദി പറഞ്ഞു.

ജനാധിപത്യത്തിന്റെ വേരുകള്‍ വീണ്ടും ഊട്ടിയുറപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു ജമ്മു കശ്മീരിലേതെന്നും യുവാക്കളും വൃദ്ധരും ഒരുപോലെ വോട്ട് ചെയ്യാന്‍ എത്തിയത് ജനാധിപത്യബോധമുള്ളതുകൊണ്ടാണെന്നും മോദി പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തുന്ന ഓരോരുത്തരേയും തീവ്രവാദികളാക്കി മുദ്രകുത്തുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

മോദിയെ വിമര്‍ശിക്കുന്നത് ആരായാലും അതിപ്പോള്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ആയാല്‍പ്പോലും മോദി തീവ്രവാദിയാക്കിക്കളയുമെന്നും രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രി മോദി തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പണം സമ്പാദിക്കുകയാണ് അദ്ദേഹത്തിനെതിരെ നിലകൊള്ളുന്ന വരെ തീവ്രവാദിയെന്ന് വിളിക്കും. അത് കര്‍ഷകരോ തൊഴിലാളികളോ മോഹന്‍ ഭഗവതോ ആരും ആകട്ടെ’, എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും അതുണ്ടെന്ന് നിങ്ങളില്‍ ചിലര്‍ കരുതുന്നുവെങ്കില്‍, അത് വെറും ഭാവന മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.
കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘പ്രധാനമന്ത്രി ഒരു കഴിവില്ലാത്ത മനുഷ്യനാണ്, ഒന്നും അറിയാത്ത ആളാണ്. അക്കാര്യം ഈ രാജ്യത്തെ യുവാക്കളും ജനങ്ങളും അറിഞ്ഞിരിക്കണം. മുതലാളിമാരെ മാത്രം ശ്രദ്ധിക്കുന്ന, അവര്‍ പറയുന്നത് മാത്രം കേള്‍ക്കുന്ന, അവര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് അദ്ദേഹം’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Narendra Modi Slams  Rahul Gandhi