സോളാര്‍ തട്ടിപ്പു കേസില്‍ സരിതയ്ക്ക് ആറ് വര്‍ഷം കഠിനതടവ്
Daily News
സോളാര്‍ തട്ടിപ്പു കേസില്‍ സരിതയ്ക്ക് ആറ് വര്‍ഷം കഠിനതടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 3:50 pm

കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ വാങ്ങി സരിതയും ബിജു രാധാകൃഷ്ണനും വഞ്ചിച്ചെന്ന കേസിലാണ് കോടതി ശിക്ഷാ വിധി പ്രഖ്യാപിച്ചത്. സരിത കുറ്റക്കാരിയാണെന്ന് കോടതി രാവിലെ പ്രസ്താവിച്ചിരുന്നു.

കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍ സന്തോഷമെന്നും മണിമോന്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സരിതയ്ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി.

മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് സരിതയ്ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് അബ്ദുല്‍ മജീദില്‍നിന്നു സരിത പണം തട്ടിയത്.

മലബാര്‍ ജില്ലകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. കേസില്‍ നിരന്തരമായി കോടതിയില്‍ ഹാജരാവാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച സരിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു.

അതിനിടെ അബ്ദുള്‍ മജീദിന് കുറച്ച് പണം തിരികെ നല്‍കുകയും ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നല്‍കാമെന്നതടക്കം ചില ധാരണയ്ക്ക് ശ്രമം നടന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Solar Scam Saritha S Nair Court Verdict