ഇന്ത്യയില്‍ ടൊറന്റടക്കമുള്ള ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ ഇനി അഴിയെണ്ണേണ്ടി വരും
Big Buy
ഇന്ത്യയില്‍ ടൊറന്റടക്കമുള്ള ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ ഇനി അഴിയെണ്ണേണ്ടി വരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd August 2016, 1:05 pm

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍  ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായത്തോടെയും കോടതി നിര്‍ദ്ദേശപ്രകാരവും ആയിരക്കണക്കിന് വെബ്‌സൈറ്റുകളും യു.ആര്‍.എല്ലുകളുമാണ് വിലക്കിയത്.

എന്നാല്‍ ഇതുവരെ ഈ ബ്ലോക്ക് ചെയ്ത യു.ആര്‍.എല്ലുകള്‍ ഏതെങ്കിലും വിധത്തില്‍ സന്ദര്‍ശിക്കുന്നതിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ഇവ സന്ദര്‍ശിക്കുകയോ, വിവരങ്ങള്‍ കാണുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ ശിക്ഷയായി ലഭിക്കാം.

ഇന്ത്യയില്‍ വിലക്കപ്പെട്ട ഹോസ്റ്റില്‍ നിന്നുള്ള ടോറന്റ് ഫയല്‍ കാണുന്നതോ ഡൗണ്‍ലോഡ് ചെയ്യുന്നതോ, മാത്രമല്ല ഇമേജ് ബാം പോലെയുള്ള ഇമേജ് ഹോസ്റ്റിങ്ങ് സൈറ്റുകളില്‍ പകര്‍പ്പവകാശമുള്ള ചിത്രങ്ങള്‍ കാണുന്നതിനും ഈ നിയമം ബാധകമാകും. പകര്‍പ്പവകാശമുള്ള ടോറന്റ് ഫയലുകളോ വിഡിയോകളോ മറ്റു ഫയലുകളോ ഡൗണ്‍ലോഡ് ചെയ്യണമെന്നുമില്ല, ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ വെറുതെ സന്ദര്‍ശിച്ചാല്‍ തന്നെ പണികിട്ടും.

ഡിജിറ്റല്‍ ഡൊമൈനുകളിലെ ഇടപാടുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായി ബ്ലോക്ക് ചെയ്യപ്പെട്ട യു.ആര്‍.എല്ലുകള്‍ സന്ദര്‍ശിക്കുന്നത് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയും മൂന്നു ലക്ഷം രൂപയുടെ പിഴയും ലഭിക്കാവുന്ന കുറ്റമായി മാറുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

നേരത്തെ ബ്ലോക്ക് ചെയ്തിരിക്കുന്ന സൈറ്റുകളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ നിര്‍ദേശപ്രകാരം ഈ യു.ആര്‍.എല്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശം മാത്രമായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍, ഈ യു.ആര്‍.എല്ലുകളിലെ വിവരങ്ങള്‍ കാണുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും, പ്രദര്‍ശിപ്പിക്കുന്നതും, പകര്‍പ്പെടുക്കുന്നതും 1957 ലെ പകര്‍പ്പവകാശ നിയമത്തിലെ 63, 63എ, 65, 65എ വകുപ്പുകള്‍ പ്രകാരം 3വര്‍ഷത്തെ ജയില്‍ ശിക്ഷയും 3ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന സന്ദേശമാകും കാണുക.

ഡി.എന്‍.എസ് ഫില്‍റ്ററിംഗ് എന്ന രീതി ഉപയോഗിച്ചാണ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിരുന്നത്. എന്നാല്‍ ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍, എയര്‍ടെല്‍ തുടങ്ങിയ വമ്പന്മാരുടെ സഹായത്തോടെ ഇന്റര്‍നെറ്റ് ഗേറ്റ്‌വേ ലെവലിലാണ് ഇപ്പോള്‍ യു.ആര്‍.എല്‍ ബ്ലോക്കുകള്‍ ചെയ്യപ്പെടുന്നത്.

ഡി.എന്‍.എസ് ഫില്‍ട്ടറിങ് പോലെ  മറികടക്കാന്‍ എളുപ്പമുള്ള  മാര്‍ഗത്തേക്കാള്‍ ഫലപ്രദമായ രീതിയാണ് ഇത്. പക്ഷേ, ഇങ്ങനെയൊക്കെയുള്ള ബ്ലോക്കുകളും മുന്നറിയിപ്പ് സന്ദേശങ്ങളും കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ എല്ലാവരേയും ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിച്ചോ എന്നറിയാനായി നിരീക്ഷണത്തില്‍ നിര്‍ത്താനൊന്നും കഴിയില്ല എന്നതാണ് സത്യം.

ഇതിനാല്‍ മാസ് ബ്ലോക്കിംഗ് ഓഫ് യു.ആര്‍.എല്‍ എന്ന രീതിതന്നെ ഇനിയും തുടരാനാണ് സാധ്യത. മറിച്ചായാല്‍ ഇന്ത്യയിലെ പകുതിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളേയും ജയിലില്‍ അടയ്‌ക്കേണ്ടിവരും.