കോഴിക്കോട്: മൊബൈല്‍ നിരക്കുകള്‍ കൂട്ടിയതില്‍ റിലയന്‍സ് ജിയോ സ്ഥാപകനായ മുകേഷ് അംബാനിയെ ട്രോളി സോഷ്യല്‍ മീഡിയ. മകന്റെ വിവാഹം നടത്താന്‍ ഒരു അച്ഛന്‍ നടത്തുന്ന കഷ്ടപ്പാടിന്റെ ഭാഗമാണ് മൊബൈല്‍ നിരക്ക് വര്‍ധനവെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.
പുതുക്കിയ നിരക്കുകള്‍ പ്രകാരം 600 രൂപ വരെ ജിയോയുടെ താരിഫ് ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെയാണ് അംബാനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍, രാജ്യത്തെ പ്രമുഖ വ്യവസായികള്‍ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നത് വര്‍ധിപ്പിക്കുമെന്നും റിലയന്‍സ് കമ്പനി സാധാരണക്കാരുടെ പോക്കറ്റടിക്കുമെന്നും പ്രതിപക്ഷം സൂചന നല്‍കിയിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ മുന്നറിയിപ്പും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതേസമയം പുതുക്കിയ നിരക്കുകള്‍ ജൂലൈ മൂന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും.
ജിയോയുടെ വിവിധ പ്ലാനുകളില്‍ കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് ഇനിമുതല്‍ 189 രൂപ നല്‍കേണ്ടി വരും. അതേ കാലയളവില്‍ പ്രതിദിനം 1 ജിബി പ്ലാന്‍ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് 209 രൂപയ്ക്ക് പകരം 249 രൂപ നല്‍കുകയും വേണം.
രണ്ട് മാസത്തേക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാന്‍ പുതുക്കിയ നിരക്കുകള്‍ പ്രകാരം 579 രൂപയായി ഉയരും. പ്രതിദിനം 2 ജിബി ഉപയോഗിക്കാനാവുന്ന പ്ലാനിന്റെ തുക 533 രൂപയില്‍ നിന്ന് 629 രൂപയായി ഉയര്‍ത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കുത്തനെയുള്ള ഈ നിരക്ക് വര്‍ധനവില്‍ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തുകയാണ്. ജിയോയുടെ പ്ലാന്‍ ഉപയോഗിക്കുന്നതിലും വേഗത്തില്‍ തീരുന്നുണ്ട്, അപ്പോഴാണ് പുതിയ നിരക്ക് വര്‍ധനവെന്ന് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ കമന്റിലൂടെ പ്രതികരിച്ചു. എല്ലാ ഉപഭോക്താക്കളും മറ്റ് മൊബൈല്‍ സേവനദാതാക്കളെ ആശ്രയിക്കുമ്പോള്‍ അംബാനിക്ക് ബോധമുദിക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.