Advertisement
Film News
'ഡിസാസ്റ്ററിനും സെക്കന്റ് പാര്‍ട്ടോ'; കബ്‌സ 2 പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 14, 06:08 pm
Friday, 14th April 2023, 11:38 pm

ആര്‍. ചന്ദ്രുവിന്റെ സംവിധാനത്തില്‍ കന്നഡ താരം ഉപേന്ദ്ര നായകനായി എത്തിയ ചിത്രമാണ് കബ്‌സ. ഏറെ പ്രതീക്ഷകളുമായെത്തിയ ചിത്രം വലിയ നിരാശയാണ് ബോക്‌സ് ഓഫീസില്‍ സമ്മാനിച്ചത്. യഷ് ചിത്രം കെ.ജി.എഫുമായി ഒരുപാട് സമാനതകളുണ്ടായിരുന്ന ചിത്രം കെ.ജി.എഫ് സ്പൂഫാണോയെന്ന് പോലും പ്രേക്ഷകര്‍ പരിഹസിച്ചിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ ബോക്‌സ് ഓഫീസ് ദുരന്തത്തിലേക്ക് കബ്‌സ എത്തുകയായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. സംവിധായകന്‍ ആര്‍. ചന്ദ്രു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 14ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പരിഹാസമുയരുകയാണ്.

ദുരന്തത്തിനും രണ്ടാം ഭാഗമോ എന്നാണ് ട്വിറ്ററില്‍ വന്ന ചില പ്രതികരണങ്ങള്‍. കെ.ജി.എഫ് ചാപ്റ്റര്‍ 2 റീമേക്ക് ലോഡിങ് എന്നാണ് മറ്റൊരു കമന്റ്.

‘സംവിധായകന്‍ വീണ്ടും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ വരുന്നു, കെ.ജി.എഫ് 3 വന്നാല്‍ കബ്‌സ 3യും വരും’ എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് ട്വിറ്ററില്‍ നിറയുന്നത്.

മാര്‍ച്ച് 17നാണ് കബ്സ തിയേറ്ററുകളിലെത്തിയത്. 1930കളില്‍ സംഭവിക്കുന്ന ആക്ഷന്‍ പിരിയഡ് ഡ്രാമയാണ് കബ്സ. ആര്‍. ചന്ദ്രു സംവിധാനം ചെയ്ത ചിത്രത്തില്‍ കിച്ചാ സുദീപ്, ശ്രീയ ശരണ്‍, ശിവ രാജ്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: social media response on kabza 2 announcement