ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. 34.3 ഓവറില്‍ ന്യൂസിലാന്‍ഡിനെ 108 റണ്‍സിന് ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യന്‍ ബൗളേഴ്‌സിനായി.
ഈ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ ഹാര്ദിക് പാണ്ഡ്യയെടുത്ത ക്യാച്ചാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ഒമ്പതാം ഓവറിലെ നാലാം പന്തില്‍ ന്യൂസിലന്‍ഡ് താരം കോണ്‍വെയെ സ്വന്തം ബൗളില്‍ തന്നെ പാണ്ഡ്യ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് സ്‌കോര്‍ 15/3 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു പാണ്ഡ്യയുടെ ക്യാച്ച്.
ബൗള്‍ ചെയ്തതിന് ശേഷമുള്ള ഓട്ടത്തിലായിരുന്നെങ്കിലും പന്തിലേക്കുള്ള താരത്തിന്റെ വിഷന്‍ ക്യാച്ചാക്കിമാറ്റാന്‍ പാണ്ഡ്യക്കായി. മുട്ടിന് താഴെ വന്ന പന്താണ് പാണ്ഡ്യ അനായാസം കയ്യിലൊതുക്കിയത്.
പിടിച്ചൊതുക്കിയതിന് ശേഷം താരം നടത്തിയ ഡൈവിങ്ങും പ്രശംസിക്കപ്പെടുന്നുണ്ട്.
‘എന്തൊരു ക്യച്ച്. അതിശയകരമായ ഈ ക്യാച്ചിനെക്കുറിച്ച് സംസാരിക്കാം(Talk about a stunning grab),’ എന്ന ക്യാപ്ഷനോടെയാണ് ബി.സി.സി.ഐ ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. മത്സരത്തില്‍ ആറ് ഓവര്‍ എറിഞ്ഞ ഹാര്ദിക് പാണ്ഡ്യ 16 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
അതേസമയം, 34.3 ഓവറില്‍ ന്യൂസിലാന്‍ഡിനെ 108 റണ്‍സിന് ഓള്‍ ഔട്ടാക്കി ഇന്ത്യയുടെ ബൗളേഴ്സ് കളം നിറഞ്ഞാടി. ആറ് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് മിന്നും പ്രകടനമാണ് മുഹമ്മദ് ഷമി നടത്തിയത്.
ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും രണ്ട് വീതം വിക്കറ്റുകളെടുത്തപ്പോള്‍ മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കുറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവസാനം വിവരം കിട്ടുമ്പോള്‍ 12 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 64 റണ്‍സെടുത്തിട്ടുണ്ട്.