മാസ് സിനിമകളുടെ സംവിധായകന് ത്രില്ലര്‍ ഴോണറിലേക്ക് കളം മാറ്റി ചവിട്ടിയ ചിത്രമാണ് പകലും പാതിരാവും. കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം കര്‍ണാടക അതിര്‍ത്തിയിലെ ഒരു മലയോര ഗ്രാമത്തിലെ ദരിദ്ര ഭവനം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ്.
2018ല്‍ പുറത്ത് വന്ന കന്നഡ ചിത്രമായ ആ കരാള രാത്രിയുടെ റീമേക്കാണ് പകലും പാതിരാവും. ദയാല്‍ പദ്മനാഭന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍
അനുപമ ഗൗഡ, കാര്‍ത്തിക് ജയറാം, വീണാ സുന്ദര്‍, രംഗയാന രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദി റിട്ടേണ്‍ ഓഫ് സോള്‍ജിയര്‍ എന്ന റഷ്യന്‍ കഥയെ ആസ്പദമാക്കി മോഹന്‍ ഹബ്ബ് രചിച്ച നാടകത്തെ മുന്‍ നിര്‍ത്തിയാണ് ആ കരാള രാത്രി സിനിമ ഒരുക്കിയിരിക്കുന്നത്.
അപരിചിതന്‍ ആയ യുവാവ് ഒരു വീട്ടില്‍ വന്നു രാത്രി താമസിക്കാന്‍ ശ്രമിക്കുന്നു. ആരാണ്, എന്താണ്, എന്നൊന്നും അറിയാത്ത അപരിചിതന്‍ ആയ അയാളെ കുറിച്ചു സംശയങ്ങള്‍ ഉണ്ടാവുക സാധാരണം. എന്നാല്‍ തങ്ങളുടെ മുന്നില്‍ വന്നെത്തിയ അയാളെ ചുറ്റിപ്പറ്റി വീട്ടുകാര്‍ക്ക് ദുരൂഹത വര്‍ധിക്കുന്നു. ശേഷം എന്ത് സംഭവിക്കും എന്നതാണ് കരാള രാത്രിയിലും പകലും പാതിരാവിലും കാണിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇരുചിത്രങ്ങളെ പറ്റിയും ചര്‍ച്ചകള്‍ സജീവമാവുകയാണ്. പകലും പാതിരാവിനെക്കാളും എന്തുകൊണ്ടും മികച്ച് നില്‍ക്കുന്ന് കരാള രാത്രിയാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
മല്ലി എന്ന കഥാപാത്രമാണ് കരാള രാത്രിയുടെ ആത്മാവെന്നും എന്നാല്‍ മലയാളത്തില്‍ മേഴ്‌സിയായ രജീഷയുടെ പ്രകടനം നന്നായിരുന്നുവെങ്കിലും കഥാപാത്രം എന്ന നിലയില്‍ ഒട്ടും എക്‌സ്‌പ്ലോര്‍ ചെയ്യപ്പെട്ടിട്ടില്ല. മിസ്റ്റീരിയസായ ഗ്രേ ഷെഡിലുള്ള കഥാപാത്രം പ്ലെയ്‌നായി തന്നെ പകലും പാതിരാവിലും പറഞ്ഞുപോവുകയാണ്.
തന്റെ മുന്‍ സിനിമകളായ ഷൈലോക്ക്, മാസ്റ്റര്‍പീസ്, രാജാധിരാജ തുടങ്ങിയവയുടെ അതേ പരിചരണം തന്നെയാണ് ഇവിടെയും അജയ് വാസുദേവ് സ്വീകരിച്ചതെന്നും പ്രേക്ഷകര്‍ പറയുന്നു. സാം സി.എസിന്റെ ബി.ജി.എമ്മുകള്‍ മികച്ചതായിരുന്നുവെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനും സിനിമയിലേക്ക് കയറിവരുന്നത് ദോഷം ചെയ്തു. ഷൈലോക്കിലെ മാസ് ഡാ പോലെയുള്ള അപശബ്ദങ്ങളും ഇടക്ക് കേള്‍ക്കാമായിരുന്നു.