ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റും 14 പന്തും ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിയരുന്നു.
ബൗളിങ്ങില്‍ ടിറ്റാസ് സാധുവിന്റെ നാല് വിക്കറ്റ് പ്രകടനവും ബാറ്റിങ്ങില്‍ ഷെഫാലി വര്‍മയുടെയും സ്മൃതി മന്ഥാനയുടെയും അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. സാധു നാല് ഓവറില്‍ വെറും 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷെഫാലി 44 പന്തില്‍ പുറത്താകാതെ 64 റണ്‍സും മന്ഥാന 52 പന്തില്‍ 54 റണ്‍സും നേടി.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും മന്ഥാനയെ തേടിയെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ 3,000 റണ്‍സ് എന്ന സുപ്രധാന നേട്ടമാണ് മന്ഥാന നേടിയത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് റണ്‍സ് നേടിയതിന് പിന്നാലെയാണ് മന്ഥന 3,000 ക്ലബ്ബിലെത്തിയത്.
126 മത്സരത്തിലെ 122 ഇന്നിങ്‌സില്‍ നിന്നും 27.49 എന്ന ശരാശരിയിലും 122.08 എന്ന സ്‌ട്രൈക്ക് റേറ്റിലും 3,052 റണ്‍സാണ് മന്ഥാന സ്വന്തമാക്കിയത്. 23 അര്‍ധ സെഞ്ച്വറികള്‍ തന്റെ പേരില്‍ കുറിച്ച മന്ഥാനയുടെ ഉയര്‍ന്ന സ്‌കോര്‍ 87 ആണ്.
ഈ നേട്ടം കൈവരിക്കുന്ന ആറാമത് താരവും രണ്ടാമത് മാത്രം ഇന്ത്യന്‍ താരവുമാണ് മന്ഥാന. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍. നിലവില്‍ 3,195 റണ്‍സാണ് കൗറിന്റെ പേരിലുള്ളത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – രാജ്യം – റണ്‍സ് – ഉയര്‍ന്ന സ്‌കോര്‍ എന്നീ ക്രമത്തില്‍)
സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 4,118 – 124*
മെഗ് ലാന്നിങ് – ഓസട്രേലിയ – 3,405 – 133*
സ്‌റ്റെഫനി ടെയ്‌ലര്‍ – വെസ്റ്റ് ഇന്‍ഡീസ് – 3,236 – 90
ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 3,195 – 103
സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – 3,107 – 105
സ്മൃതി മന്ഥാന – ഇന്ത്യ – 3,052 – 87
ബിസ്മ മാറൂഫ് – പാകിസ്ഥാന്‍ – 2,893 – 70*
അതേസമയം, കഴിഞ്ഞ ദിവസം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കം പാളിയിരുന്നു. ക്യാപ്റ്റന്‍ അലക്‌സ ഹീലി എട്ട് റണ്‍സിനും താലിയ മഗ്രാത്തും ആഷ്‌ലീഗ് ഗാര്‍ഡ്‌നറും പൂജ്യത്തിനും പുറത്തായപ്പോള്‍ ബെത് മൂണിക്ക് 17 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.
അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണ ഫോബ് ലീച്ച്ഫീല്‍ഡും എല്ലിസ് പെറിയുമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. ലീച്ച്ഫീല്‍ഡ് 32 പന്തില്‍ 49 റണ്‍സ് നേടി പുറത്തായപ്പോള്‍ 30 പന്തില്‍ 37 റണ്‍സാണ് പെറിയുടെ സമ്പാദ്യം.
ടിറ്റസ് സാധു നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയാങ്ക പാട്ടീലും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം നേടി. രേണുക സിങ്ങും അമന്‍ജോത് കൗറുമാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.
For her impressive four-wicket haul, Titas Sadhu is adjudged the Player of the Match 👏👏
India win the 1st T20I by 9-wickets 👌👌
Scorecard ▶️ https://t.co/rNWyVNHrmk#TeamIndia | #INDvAUS | @IDFCFIRSTBank | @titas_sadhu pic.twitter.com/1ey5wboU6c
— BCCI Women (@BCCIWomen) January 5, 2024
142 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഓപ്പണര്‍മാരുടെ കരുത്തില്‍ അനായാസം ജയിച്ചുകയറുകയായിരുന്നു. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഷെഫാലിയും മന്ഥാനയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ച ശേഷമാണ് മന്ഥാന തിരികെ നടന്നത്.
ജനുവരി ഏഴിനാണ് പരമ്പരയിലെ രണ്ടാം മത്സരം. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയം തന്നെയാണ് വേദി.
Content Highlight: Smrirti Mandhana completes 3000 T20I Runs