മുബൈ: വിശാൽഗഡ് ഫോർട്ട് വളപ്പിനുള്ളിലെ ദർഗയിൽ ബക്രീദ് ദിനത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച മഹാരാഷ്ട്ര സർക്കാരിൻ്റെ നടപടി അസംബന്ധമെന്ന് ബോംബെ ഹൈക്കോടതി.
ഹജ്രത്ത് പീർ മാലിക് രെഹാൻ മീരാ സാഹിബ് ദർഗ നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ബി.പി. കൊളബാവല്ല, ഫിർദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
വിശാലഗഡ് കോട്ട മേഖലയിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച പുരാവസ്തു, മ്യൂസിയം ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിയെ തുടർന്നാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
ബക്രീദ് ദിനത്തിലും ജൂൺ 17 മുതൽ 21 വരെ ആരംഭിക്കുന്ന നാല് ദിവസത്തെ ഉറൂസിലും ദർഗയിൽ മൃഗങ്ങളെ ബലി അർപ്പിക്കുന്ന പഴയ രീതി തുടരാനും ട്രസ്റ്റ് അനുമതി തേടുകയായിരുന്നു.
രാഷ്ട്രീയ നേട്ടങ്ങൾക്കായി രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷവും വിദ്വേഷവും സൃഷ്ടിച്ച് പ്രദേശത്തെ സാമുദായിക അന്തരീക്ഷവും സാമൂഹിക സൗഹാർദവും തകർക്കാൻ നിരവധി വലതുപക്ഷ സംഘടനകൾ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകരായ എസ്.ബി. തലേക്കറും മാധവി അയ്യപ്പനും വാദിച്ചു.
എന്നാൽ 333 ഏക്കറുള്ള വിശാലഗഡ് കോട്ട മുഴുവനായും സംരക്ഷിത സ്മാരകം ആണെന്നും കശാപ്പ് അനുവദിക്കാനാവില്ലെന്നുമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ള അഭിഭാഷകർ പറഞ്ഞത്.
1999-ൽ വിശാലഗഡ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചപ്പോൾ, 2023 ഫെബ്രുവരി വരെ കശാപ്പ് പ്രവർത്തനങ്ങൾ പ്രശ്‌നമില്ലാതെ തുടർന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന് ജൂൺ 17ന് ബക്‌രി ഈദിനും ജൂൺ 21 വരെയും കശാപ്പ് നടത്താൻ ഹരജിക്കാർക്ക് അനുമതി നൽക്കുകയായിരുന്നു.
‘കേസിൻ്റെ വസ്തുതകളുടെയും സാഹചര്യങ്ങളുടെയും ആകെത്തുക നോക്കുമ്പോൾ, 24 വർഷമായി ഹരജിക്കാർ നടത്തുന്ന കശാപ്പ് നിയമത്തിൻ്റെയോ ചട്ടങ്ങളുടെയോ ലംഘനമാണെന്ന് അധികാരികൾ കരുതിയിരുന്നില്ല എന്നാണ് മനസിലാകുന്നത്. ജൂൺ 17 ന് നടക്കുന്ന ബക്രീദിനും ജൂൺ 21 വരെ നടക്കുന്ന ഉർസിനും ഹരജിക്കാർക്ക് മൃഗങ്ങളെ കശാപ്പ് ചെയ്യാനുള്ള അനുമതി നൽകുന്നതിന് യാതൊരുതരത്തിലുള്ള തടസവുമില്ല,’ ബെഞ്ച് പറഞ്ഞു.
തുറസായ സ്ഥലങ്ങളിലോ പൊതുസ്ഥലങ്ങളിലോ അല്ല സ്വകാര്യ ഭൂമിയിലാണ് കശാപ്പ് നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.
Content Highlight: Slaughtering ban during Bakri Eid at Maharashtra fort ‘absurd’: Bombay High Court