സ്‌കോഡ സൂപ്പേര്‍ബ് സ്പോര്‍ട്ലൈന്‍ ഇന്ത്യന്‍ വിപണിയിലേക്ക്
Skoda
സ്‌കോഡ സൂപ്പേര്‍ബ് സ്പോര്‍ട്ലൈന്‍ ഇന്ത്യന്‍ വിപണിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2018, 11:33 pm

സ്‌കോഡ സൂപ്പേര്‍ബ് സ്പോര്‍ട്ലൈനും ഇന്ത്യയിലേക്ക്. ഔദ്യോഗിക വെബ്സൈറ്റില്‍ പുതിയ സൂപ്പേര്‍ബ് സ്പോര്‍ട്ലൈന്‍ എഡിഷന്റെ വിവരങ്ങള്‍ സ്‌കോഡ നല്‍കിയിട്ടുണ്ട്. മോഡല്‍ ഉടന്‍ വിപണിയിലെത്തും. പേരു സൂചിപ്പിക്കുന്നതുപോലെ ഫ്ളാഗ്ഷിപ്പ് സെഡാന്‍ സൂപ്പേര്‍ബിന്റെ കൂടുതല്‍ സ്പോര്‍ടിയര്‍ പതിപ്പാണ് സ്പോര്‍ട്ലൈന്‍.

സൂപ്പേര്‍ബ് സ്പോര്‍ട്ലൈന്‍ എഡിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ അണിനിരക്കുന്ന സൂപ്പേര്‍ബ് സ്പോര്‍ട്ലൈന്‍ തന്നെയാകും ഇന്ത്യയില്‍ വരിക.തിളക്കമാര്‍ന്ന ചുവപ്പ് നിറം കാറിന്റെ ഡിസൈന്‍ ചാരുത ഉയര്‍ത്തിക്കാട്ടും.

അതേസമയം ഗ്രില്ല്, ബമ്പര്‍, എയര്‍ഡാം, മിററുകള്‍, അലോയ് വീലുകള്‍ എന്നിവയ്ക്കെല്ലാം കറുപ്പാണ് പശ്ചാത്തലം. ഇരുണ്ട സ്മോക്ക്ഡ് ഹെഡ്ലാമ്പുകളും മോഡലില്‍ എടുത്തുപറയണം. യൂറോപ്യന്‍ വിപണിയില്‍ എത്തുന്ന മോഡലില്‍ 19 ഇഞ്ച് അലോയ് വീലുകളാണ് ഒരുങ്ങുന്നത്. സാധാരണ സൂപ്പേര്‍ബിനെക്കാള്‍ 15 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും സൂപ്പേര്‍ബ് സ്പോര്‍ട്ലൈനിന് കുറവുണ്ട്.


Read:  പ്രളയക്കെടുതി: തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി


കൊളമ്പസ് സാറ്റലൈറ്റ് നാവിഗേഷന്‍, വൈഫൈയുള്ള 9.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ എന്നിവ സൂപ്പേര്‍ബില്‍ പ്രതീക്ഷിക്കാം. നിലവില്‍ സ്‌റ്റൈല്‍, L&K വകഭേദങ്ങളാണ് സൂപ്പേര്‍ബില്‍ സ്‌കോഡ നല്‍കുന്നത്. 1.8 ലിറ്റര്‍ TSI പെട്രോള്‍, 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഇരുവകഭേദങ്ങള്‍ക്കുമുണ്ട്. പെട്രോള്‍ എഞ്ചിന്‍ 177 bhp കരുത്തും 320 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കും.

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡി.എസ്.ജി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ തെരഞ്ഞെടുക്കാം. 175 bhp കരുത്തും 350 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന ഡീസല്‍ എഞ്ചിനില്‍ ഏഴു സ്പീഡ് ഡി.എസ്.ജി ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ ഡീസല്‍ പതിപ്പിലില്ല.