ഗുവാഹത്തി: അസമില്‍ പൊലീസ് വെടിവെപ്പ് നടന്ന ധാറംഗ് ജില്ലയിലെ ധോല്‍പൂരില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സംസ്ഥാന സര്‍ക്കാര്‍.
പൊലീസ് വെടിവെപ്പില്‍ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചത്.
വന്‍ പൊലീസ് സന്നാഹം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊലീസിനൊപ്പം സി.ആര്‍.പി.എഫും സ്ഥലത്തെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് ധറാംഗിലെ സിപാജറില്‍ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു.
കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.
സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.