ന്യൂദല്‍ഹി: സി.പി.ഐ.എമ്മില്‍ വ്യക്തികള്‍ക്കല്ല, കൂട്ടായ തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദ ഹിന്ദുവിന് വേണ്ടി അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തക ശോഭന കെ. നായരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയേക്കാള്‍ മുകളില്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നു എന്ന ഭയമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘ഹൈക്കമാന്‍ഡ് സംവിധാനം’ തുടര്‍ന്ന് വരുന്ന പാര്‍ട്ടികളില്‍ നിന്നാണ് ഇത്തരം ചിന്തകള്‍ ഉടലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ തീരുമാനങ്ങള്‍ക്കായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ തന്നെ തീരുമാനങ്ങള്‍ തള്ളുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹൈക്കമാന്‍ഡ് സംസ്‌കാരമുള്ളവര്‍ക്ക് മാത്രമാണ് അത്തരം ചിന്തകള്‍ ഉടലെടുക്കുന്നത്. ഇത് ഒരുവിധം എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ കാര്യത്തിലും സത്യമാണ്. സി.പി.ഐ.എമ്മിന് പരിപൂര്‍ണായും വ്യത്യസ്തമായ രീതികളാണുള്ളത്. ഉള്‍പാര്‍ട്ടി ജനാധിപത്യം പിന്തുടരുന്ന പാര്‍ട്ടിയാണ് ഇത്. വ്യക്തിയെക്കാള്‍ ഇത് കൂട്ടായ തീരുമാനമാണ്. ഒരു കൂട്ടമായ അഭിപ്രായത്തിനൊപ്പം നില്‍ക്കുന്നതിനായി എത്രയോ തവണ ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായങ്ങള്‍ വരെ തള്ളിയിട്ടുണ്ട്,” സീതാറാം യെച്ചൂരി പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന സുര്‍ജിത്ത് സിംഗിന്റെ പിന്തുണ ഉണ്ടായിട്ടുകൂടി ജ്യോതി ബസു പ്രധാനമന്ത്രി ആയിട്ടില്ല എന്നും, ഇതിന് കാരണം പാര്‍ട്ടിയുടെ ഭൂരിപക്ഷ നിലപാട് ആണ് എന്നും യെച്ചൂരി പറഞ്ഞു.
പാര്‍ട്ടി എന്താണെന്ന് മനസിലാകാത്തവരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.