Advertisement
national news
ഹൈദരാബാദ് സര്‍വകലാശാല വനഭൂമി ലേലം ചെയ്യാനുള്ള തെലങ്കാന സര്‍ക്കാര്‍ നീക്കം; അനിശ്ചിതകാലത്തേക്ക് ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 02, 08:17 am
Wednesday, 2nd April 2025, 1:47 pm

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസിനുള്ളിലെ 400 ഏക്കര്‍ വനഭൂമി ലേലം ചെയ്യാനുള്ള തെലങ്കാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച് ഇന്ന് ഏപ്രില്‍ രണ്ട് മുതല്‍ അനിശ്ചിത കാലത്തേക്ക് ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് വിദ്യാര്‍ത്ഥികള്‍. പൊലീസ് ഉദ്യോഗസ്ഥരെയും മണ്ണുമാന്തി യന്ത്രങ്ങളും ക്യാമ്പസില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചിരിക്കുന്നത്.

ക്യാമ്പസില്‍ തുടരുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കുചേരാനും ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കാനും വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും യൂണിവേഴ്‌സിറ്റി ഭരണകൂടം വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

400 ഏക്കര്‍ ഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി യൂണിവേഴ്‌സിറ്റി ഭരണകൂടം സ്ഥലംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കിയെന്നും സര്‍വകലാശാലയോട് ചേര്‍ന്നുള്ള 400 ഏക്കര്‍ ഭൂമി സംസ്ഥാനത്തിന്റേതാണെന്ന തെലങ്കാന സര്‍ക്കാര്‍ വാദത്തില്‍ സര്‍വകലാശാല ഭരണകൂടം യോജിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ, എട്ടിലധികം ജെ.സി.ബികള്‍ സര്‍വകലാശാല കാമ്പസിനുള്ളില്‍ കയറി വനപ്രദേശം വെട്ടിത്തെളിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാതാപൂര്‍, റായ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷനിലേക്കാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയത്. 60 ഓളം വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ വാനില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നാഴ്ചയോളമായി പ്രതിഷേധം തുടരുകയാണെന്നാണ് വിവരം. ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് പിന്നാലെയും പൊലീസ് എത്തിയിരുന്നു. സര്‍വകലാശാലയുമായി അനുബന്ധിച്ചുള്ള 400 ഏക്കര്‍ വനഭൂമി ലേലത്തിന് വിട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം. വനഭൂമി വെട്ടിത്തെളിച്ച് അവിടെ ഒരു ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നതിനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.

വന്യമൃഗങ്ങളടക്കമുള്ള ഭൂമിയിലാണ് സര്‍ക്കാരിന്റെ നടപടി. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ വിവാദ സ്ഥലം വനഭൂമിയല്ലെന്നും സ്ഥലത്ത് വന്യജീവികളില്ലെന്നുമടക്കമുള്ള സ്റ്റേറ്റ്‌മെന്റ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയായിരുന്നു.

Content Highlight: Telangana government moves to auction Hyderabad University forest land; Students boycott classes indefinitely