ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനൊരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ അതിരൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി ഇന്ത്യയെ ഇത്രയും വെറുക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഒരു മതേതര പ്രതിപക്ഷ ശക്തിപ്രാപിക്കുന്നതില്‍ ബി.ജെ.പിക്ക് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഭരണഘടനാ പ്രകാരം തന്നെ ഇന്ത്യ എന്നാണ് നമ്മുടെ രാജ്യം അറിയപ്പെടുന്നത്. സ്വതന്ത്രാനന്തര ഇന്ത്യക്ക് ഒരു പാരമ്പര്യമുണ്ട്. ഭരണഘടനയില്‍ പറയുന്നത് ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിന്‍ ആണെന്നാണ്. ആ ക്യാപ്ഷനില്‍ എല്ലാമുണ്ട്.
നമ്മടെ രാജ്യം ഒരു ഫെഡറല്‍ സംവിധാനത്തിന്റെ കീഴിലാണ്. അതിന് സ്വതന്ത്ര അധികാരങ്ങളുള്ള സംസ്ഥാനങ്ങളുണ്ടെന്നുമൊക്കെ എല്ലാം ആ ക്യാപ്ഷനില്‍ ഉള്‍ക്കൊള്ളുന്നു. എനിക്ക് മനസിലാകുന്നില്ല എന്തിനാണിപ്പോള്‍ ഇവര്‍ ഇങ്ങനെയൊരു പേരുമാറ്റം കൊണ്ടുവരുന്നതെന്ന്.
ഒരു മതേതര പ്രതിപക്ഷം ശക്തിപ്രാപിക്കുന്നതില്‍ അവര്‍ ഭയപ്പെടുന്നു. അവര്‍ ഇന്ത്യയെ ഇത്രയും വെറുക്കുന്നത് എന്തിനാണ്. നമുക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സുണ്ട്, നമ്മളെല്ലാം ഇന്ന് അഭിമാനിക്കുന്ന ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ നമുക്കുണ്ട്. അങ്ങനെ എല്ലാത്തിലും ഇന്ത്യയുണ്ട്,’ യെച്ചൂരി പറഞ്ഞു.