national news
ഇത് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; കാരവാന്‍ മാസികയിലെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന് സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 12, 12:46 pm
Wednesday, 12th August 2020, 6:16 pm

ന്യൂദല്‍ഹി: കാരവാന്‍ മാസികയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആള്‍ക്കൂട്ട അക്രമത്തെ അപലപിക്കുന്നെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പത്രക്കാരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് യെച്ചൂരി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ദല്‍ഹി പൊലീസ്. കുറ്റക്കാരെ അതിവേഗം അറസ്റ്റ് ചെയ്യണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.


കാരവാന്‍ മാസികയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. വടക്ക്-കിഴക്കന്‍ ദല്‍ഹിയിലെ സുഭാഷ് മൊഹല്ല പരിസരത്ത് വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്.

പ്രബ്ജീത്ത് സിംഗ്, ഷാഹിദ് തന്ത്രായ്, ഒരു വനിതാ മാധ്യമ പ്രവര്‍ത്തക എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.

വനിതാ മാധ്യമപ്രവര്‍ത്തകയുടെ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പകര്‍ത്തി. മധ്യവയസ്‌കനായ വ്യക്തി സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മാധ്യമപ്രവര്‍ത്തകക്ക് മുന്നിലെത്തി സ്വയംഭോഗം ചെയ്യുകയും ചെയ്തു.

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ദല്‍ഹി കലാപത്തെ കുറിച്ച് കാരവാന്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനോടുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Caravan Journalists Mob Attack Sitaram Yechury