കൊല്ലം 1987, എനിക്കന്ന് ഒരു വയസ്സാണ്. പടത്തില്‍ പോലും കണ്ടിട്ടില്ല ലിന്‍ഡ സിസ്റ്ററെ. മരിച്ച് കിടന്നത് മഠത്തിലെ വാട്ടര്‍ ടാങ്കിലാണെന്ന് മാത്രമറിയാം. പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറില്‍ അഭയ സിസ്റ്ററുടെ ശവം കാണുന്നത് പിന്നെയും 5 കൊല്ലം കഴിഞ്ഞാണ്. ഓര്‍മ്മയിലെ ആദ്യത്തെ സിസ്റ്റര്‍ അഭയ സിസ്റ്ററാണ്. ലിന്‍ഡ സിസ്റ്ററിനും അഭയ സിസ്റ്ററിനുമിടയിലായി സിസ്റ്റര്‍ മഗ്‌ദേലയുണ്ട്. 1990ല്‍ മഗ്‌ദേല സിസ്റ്റര്‍ മരിക്കുമ്പോഴും ഞാന്‍ മരണമെന്തെന്നറിഞ്ഞു കൂടാത്ത കുഞ്ഞാണ്. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള എന്റെ കുഞ്ഞോര്‍മ്മകള്‍ തുടങ്ങുന്നത് അഭയ സിസ്റ്ററിലാണ്.
സിസ്റ്റര്‍ അഭയയുടെ മരണം വലിയ കോളിളക്കങ്ങളുണ്ടാക്കി, പക്ഷേ അതൊന്നും മേഴ്‌സി സിസ്റ്ററെ രക്ഷിച്ചില്ല. അഭയ കൊല്ലപ്പെട്ട് ഒരു കൊല്ലം തികയും മുമ്പാണ് സിസ്റ്റര്‍ മേഴ്സിയുടെ മരണം. കന്യാസ്ത്രീകള്‍ മരിക്കുന്നത് കാക്കകള്‍ മരിക്കുമ്പോലെയാണ്. ആരും ആ മരണം കാണുന്നില്ല, ഒടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെടുകയാണ്.
1993 ലാണ് സിസ്റ്റര്‍ മേഴ്സി, കൃത്യം ഒരു കൊല്ലം കഴിഞ്ഞ് 1994 ല്‍ പുല്‍പള്ളിയിലെ മരകാവ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ ആനീസിന്റെ ശവം പൊന്തി. അടുത്ത മൂന്നു വര്‍ഷങ്ങളില്‍ ആരും മരിച്ചില്ല അക്കണക്ക് തീരുന്നത് 1998 ലാണ്. രണ്ടു മരണങ്ങള്‍, ഒന്ന് കോഴിക്കോട്ടെ കല്ലുരുട്ടി കോണ്‍വെന്റിലെ കിണറില്‍ സിസ്റ്റര്‍ ജ്യോതിസ്, രണ്ട് പാലായിലെ കോണ്‍വെന്റില്‍ സിസ്റ്റര്‍ ബിന്‍സി.
ഒന്നും സംഭവിച്ചില്ല, ബിന്‍സി സിസ്റ്റര്‍ മരിച്ച് രണ്ട് കൊല്ലം കഴിഞ്ഞപ്പഴേക്കും പാലാ അടുത്ത മരണം കണ്ടു. സിസ്റ്റര്‍ പോള്‍സിയുടെ ശവം കണ്ട പാലായിലെ മഠത്തിന് പേര് സ്‌നേഹഗിരി എന്നായിരുന്നു. എന്ത് മധുരമുള്ള പേരാണല്ലേ മരണം സ്‌നേഹഗിരികളെ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. 2006 ല്‍ വീണ്ടും രണ്ടു പേര്‍. റാന്നിയിലെ മഠത്തില്‍ വെച്ച് സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്, കോട്ടയം വാകത്താനത്ത് വെച്ച് സിസ്റ്റര്‍ ലിസ. രണ്ടു മരണത്തിന്റെ കാലയളവ് തീര്‍ന്ന് 2008 വന്നു. പതിവു പോലെ മരിച്ച നിലയില്‍ കാണപ്പെടുന്നു മറ്റൊരു മണവാട്ടി, അവളുടെ പേര് സിസ്റ്റര്‍ അനുപ മരിയ.
കൊല്ലത്തായിരുന്നു അനുപ മരിയ, അല്പം മാറി തിരുവനന്തപുരത്തായിരുന്നു അടുത്ത മരണം. സിസ്റ്റര്‍ മേരി ആന്‍സി, കൊല്ലം 2011. സിസ്റ്റര്‍ മേരി ആന്‍സിയുടെ ശവശരീരം മരിച്ചു വീര്‍ത്ത് കിടന്നതും കോണ്‍വെന്റിലെ ജലസംഭരണിയിലായിരുന്നു. 2015 ലുമുണ്ട് രണ്ടു മരണം. പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ വെച്ച് സിസ്റ്റര്‍ അമലയെ കൊല്ലുന്നത് തലയ്ക്കടിച്ചാണ്. രണ്ട് മാസം കഴിഞ്ഞ് ഡിസംബറില്‍ കിണര്‍ തിരികെ വന്നു. വാഗമണ്ണിലെ ഉളുപ്പുണി കോണ്‍വെന്റിലെ കിണറിലാണ് സിസ്റ്റര്‍ ലിസ മരിയ മരിച്ച് കിടന്നത്.