ഇന്ത്യന്‍ ടീമിലെത്തിയ നിങ്ങളോട് അത് മാത്രമേ എനിക്ക് പറയാനുള്ളൂ; ടീമില്‍ ഉള്‍പ്പെടാതെ പോയതിന് പിന്നാലെ മുഹമ്മദ് സിറാജ്
Sports News
ഇന്ത്യന്‍ ടീമിലെത്തിയ നിങ്ങളോട് അത് മാത്രമേ എനിക്ക് പറയാനുള്ളൂ; ടീമില്‍ ഉള്‍പ്പെടാതെ പോയതിന് പിന്നാലെ മുഹമ്മദ് സിറാജ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd June 2022, 10:27 pm

ഇന്ത്യന്‍ ക്രിക്കറ്റില്‍ പല താരങ്ങളുടെയും വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ.പി.എല്ലാണ്. ഐ.പി.എല്‍ കണ്ടെത്തിയ ഒട്ടേറെ താരങ്ങളാണ് ഇന്ത്യയക്ക് വേണ്ടി കളിച്ചിട്ടുള്ളത്.

അത്തരത്തില്‍ ഐ.പി.എല്‍ 2022 ഉം നിരവധി താരങ്ങളുടെ ഉദയത്തിനാണ് സാക്ഷിയായത്. ഉമ്രാന്‍ മാലിക്, തിലക് വര്‍മ, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, അര്‍ഷ്ദീപ് സിംഗ് തുടങ്ങി നിരവധി അണ്‍ക്യാപ്ഡ് താരങ്ങളെയാണ് ഐ.പി.എല്‍ ഇന്ത്യന്‍ ടീമിനായി കണ്ടെത്തിയത്.

വരാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്ക് ഐ.പി.എല്ലില്‍ നിന്നുള്ള നിരവധി താരങ്ങള്‍ക്കാണ് വിളിയെത്തിയത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ച പരമ്പരയില്‍ യുവതാരങ്ങളാണ് കൂടുതലും ടീമില്‍ ഉള്‍പ്പെട്ടത്.

അത്തരത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയണിയാന്‍ പോവുന്ന രണ്ട് താരങ്ങളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ പേസര്‍ ഉമ്രാന്‍ മാലിക്കും പഞ്ചാബ് കിംഗ്‌സിന്റെ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് അര്‍ഷ്ദീപ് സിംഗും.

 

ഇപ്പോഴിതാ ഇരുവര്‍ക്കും നിര്‍ണായകമായ ഉപദേശം നല്‍കുകയാണ് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റൊന്നും തത്കാലത്തേക്ക് ചിന്തിക്കേണ്ടതില്ല എന്നുമാണ് സിറാജ് പറയുന്നത്.

‘ഐ.പി.എല്‍ നിരവധി താരങ്ങള്‍ക്കാണ് അവസരം നല്‍കിയിട്ടുള്ളത്. ഇന്ത്യയുടെ പേസ് നിര സുശക്തമാണെന്നാണ് എനിക്ക് തോന്നുന്നത്. നേരത്തെ ഇത്ര കിലോമീറ്റര്‍ വേഗതയില്‍ പന്തെറയുന്നവരെ കണ്ടുകിട്ടാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. എന്നാലിപ്പോള്‍ അത്തരത്തില്‍ പന്തെറിയുന്ന നിരവധി താരങ്ങളുണ്ട്,’ സിറാജ് പറയുന്നു.

അര്‍ഷ്ദീപും ഉമ്രാനും മികച്ച ബൗളര്‍മാരാണെന്നും സിറാജ് പറയുന്നു.

‘അര്‍ഷ്ദീപ് മികച്ച പേസറാണ്. കൃത്യമായി യോര്‍ക്കറുകളെറിയാന്‍ അവന് അറിയാം. ഉമ്രാനും മികച്ച താരം തന്നെയാണ്. മികച്ച രീതിയിലാണ് എഎ.പി.എല്ലില്‍ അവന്‍ പന്തെറിഞ്ഞത്.

അവരോട് ഫിറ്റനെസ്സില്‍ ശ്രദ്ധിക്കാനാണ് എനിക്ക് പറയാനുള്ളത്. ഇപ്പോള്‍ കളിയിലും ഫിറ്റനെസ്സിലും മാത്രം ശ്രദ്ധിക്കുക, മറ്റൊന്നും ആലോചിക്കേണ്ട,’ സിറാജ് പറയുന്നു.

അതേസമയം, ഐ.പി.എല്ലിലെ മോശം പ്രകടനം കാരണം സിറാജിന് ടീമില്‍ സെലക്ഷന്‍ ലഭിച്ചിരുന്നില്ല. ഫോം വീണ്ടെടുത്ത് മികച്ച തിരിച്ചുവരവ് നടത്താനാണ് താരം ഒരുങ്ങുന്നത്.

 

Content highlight: Siraj gives important suggestion to Arshdeep Singh and Umran Malik