ബോഡി ഷെയ്മിങ്ങിന് ഇരയായതിനെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് ഗായിക ജ്യോത്സന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ജ്യോത്സന ഇതേക്കുറിച്ച് സംസാരിച്ചത്. ഇപ്പോള്‍ തടിയുടെ പേരില്‍ താന്‍ നേരിടേണ്ടി വന്ന കൂടുതല്‍ ദുരനുഭവങ്ങള്‍ പറയുകയാണ് ജ്യോത്സന.
പണ്ട് പ്രോഗ്രാമിനു പോകുമ്പോള്‍ പാട്ടിനേക്കാള്‍ തന്റെ അമിതവണ്ണത്തെ കുറിച്ചായിരിക്കും പലര്‍ക്കും പറയാനുണ്ടായിരുന്നതെന്ന് ജ്യോത്സന പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘നല്ല പൊക്കമുള്ളയാളാണു ഞാന്‍. വണ്ണം കൂടി വന്നപ്പോഴാണു ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്നത്. തടിച്ചി, ആന പോലുണ്ടല്ലോ എന്നിങ്ങനെയുള്ള പലതും ആ സമയത്തു കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രോഗ്രാമിനു സ്റ്റേജില്‍ കയറുമ്പോള്‍ പലരും ഇത്തരത്തില്‍ കമന്റ് ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനടിയില്‍ വന്നു കമന്റ് ചെയ്യും.
25 വയസ്സൊക്കെയുള്ള സമയത്താണ് എനിക്കു വണ്ണം കൂടുന്നത്. പ്രോഗ്രാമിനു പോകുമ്പോള്‍ പാട്ടിനെക്കുറിച്ചായിരിക്കില്ല, എന്റെ അമിതവണ്ണത്തെ കുറിച്ചായിരിക്കും പലര്‍ക്കും പറയാനുണ്ടാകുന്നത്.
ചെറിയ പ്രായത്തില്‍ അതു നമ്മുടെ മനസ്സിനെ വല്ലാതെ ബാധിക്കും. കേള്‍ക്കുന്നവരെ ഇതെങ്ങനെ ബാധിക്കും എന്നു ചിന്തിക്കാതെയാണു പലരുടെയും സംസാരം. ധാരാളം പ്രോഗ്രാംസ് ഉണ്ടായിരുന്ന സമയമായതിനാല്‍ ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനുമൊക്കെ കൃത്യത ഇല്ലാതെ വന്നതോടെയാണ് അമിതവണ്ണമുണ്ടാകുന്നത്,’ ജ്യോത്സന പറയുന്നു. ബോഡി ഷെയിമിംഗ് ആത്മാഭിമാനത്തെ പോലും ബാധിക്കുമെന്നും തന്റെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ജ്യോത്സന പറയുന്നു.
പരിധിവിട്ട് വണ്ണം കൂടിയപ്പോള്‍ ആരോഗ്യവതിയല്ല എന്ന് സ്വയം തോന്നിയെന്നും തുടര്‍ന്നാണ് ജീവിതരീതികളില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുന്നതെന്നും ജ്യോത്സന അഭിമുഖത്തില്‍ പറയുന്നുണ്ട്. വണ്ണം കുറക്കലല്ല, ശരീരവും മനസ്സും ഒരുപോലെ ആരോഗ്യമുള്ളതാക്കി മാറ്റുകയെന്നതാണ് പ്രധാനമെന്നും ജ്യോത്സന പറയുന്നു.
‘തടിച്ചിയാണ്, ഒന്നിനും കൊള്ളില്ല’ എന്ന രീതിയിലുള്ള ചിന്ത നമ്മുടെ മനസ്സില്‍ കുത്തിവയ്ക്കാന്‍ പലരും ശ്രമിക്കും. അത്തരം സാഹചര്യങ്ങളിലൊക്കെ നമുക്കു സ്വയം സ്‌നേഹം ഉണ്ടാവുകയാണു വേണ്ടത്. നമുക്കു മാറണം എന്ന തോന്നലുണ്ടായാല്‍ അതു സാധ്യമാകും,’ ജ്യോത്സന പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക