ഐ.പി.എല്‍ 2024ന് തൊട്ടുപിന്നാലെ ടി-20 ലോകകപ്പുമെത്തുകയാണ്. മികച്ച ടീമിനെ തന്നെ കളത്തിലിറക്കി ഒരു പതിറ്റാണ്ടിലധികമായുള്ള കിരീട വരള്‍ച്ചക്ക് അന്ത്യമിടാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മറ്റ് ടി-20 മത്സരങ്ങളോ പരമ്പരകളോ ഇല്ലാത്തതിനാല്‍ ഐ.പി.എല്ലിലെ പ്രകടനങ്ങള്‍ തന്നെയാണ് ടീം സെലക്ഷനില്‍ നിര്‍ണായകമാകുക.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ട താരങ്ങളെ കുറിച്ചും അവരുടെ സ്ഥാനങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സൈമണ്‍ ഡൗള്‍.
വിരാട് കോഹ്‌ലിയെ ഓപ്പണറായി കളത്തിലിറക്കണമെന്നാണ് ഡൗള്‍ പറയുന്നത്. വിരാട് മൂന്നാം നമ്പറില്‍ ഇറങ്ങുകയാണെങ്കില്‍ റിങ്കു സിങ്ങിന് കളിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഡൗള്‍ ഇക്കാര്യം പറഞ്ഞത്.
‘വിരാട് കോഹ്‌ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം. എന്റെ ഇലവനില്‍ റിങ്കു സിങ് ഉണ്ട്. വിരാട് മൂന്നാം നമ്പറില്‍ ഇറങ്ങുകയാണെങ്കില്‍ സ്റ്റാര്‍ ഫിനിഷര്‍ക്ക് കളത്തിലിറങ്ങാന്‍ സാധിക്കാതെ വന്നേക്കും. രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയാല്‍ വിരാട് കോഹ്‌ലിക്ക് റണ്ണടിച്ചുകൂട്ടാന്‍ സാധിക്കും. അതായിരിക്കും വിരാടിന് ഏറ്റവും യോജിച്ച പൊസിഷന്‍.
മികച്ച ടൈമിങ്ങുള്ള താരമാണ് വിരാട്. അദ്ദേഹത്തിന് ആദ്യം തന്നെ ബൗണ്ടറികളടിക്കാന്‍ സാധിക്കും. ക്രീസിലെത്തി സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുന്നത് വിരാടിനെ സംബന്ധിച്ച് ഒരു മികച്ച ഓപ്ഷനല്ല,’ അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങുകയാണെങ്കില്‍ മൂന്നാം നമ്പറില്‍ ആര് ക്രീസിലെത്തണം എന്നതിനെ കുറിച്ചും ഡൗള്‍ സംസാരിച്ചു.
മൂന്നാം നമ്പറില്‍ സഞ്ജു സാംസണും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും കളത്തിലിറങ്ങണമെന്ന് പറഞ്ഞ ഡൗള്‍ ഇലവനില്‍ യശസ്വി ജെയ്‌സ്വാളിന് സ്ഥാനമില്ല എന്നും പറഞ്ഞു.
‘ഇതൊരു മണ്ടന്‍ പ്രവചനമാണെന്ന് അറിയാം. പക്ഷേ യശസ്വി ജെയ്‌സ്വാളിന് പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. (സഞ്ജു) സാംസണ്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണം. സൂര്യകുമാര്‍ നാലാം നമ്പറിലും ശിവം ദുബെ അഞ്ചാം നമ്പറിലും റിങ്കു സിങ് രവീന്ദ്ര ജഡേജ എന്നിവര്‍ ആറ് ഏഴ് സ്ഥാനങ്ങളില്‍ കളിക്കണം,’ അദ്ദേഹം പറഞ്ഞു.