Entertainment
ആ സംവിധായകനെ അസിസ്റ്റ് ചെയ്യാന്‍ ഒരുപാട് ശ്രമിച്ചു പക്ഷേ നടന്നില്ല: സിദ്ധാര്‍ത്ഥ് ഭരതന്‍

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും സിദ്ധാര്‍ത്ഥ് തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
2024 ലെ മികച്ച സിനിമകളിലൊന്നായ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിച്ചത്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡിനോ ഡെന്നിസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഭ്രമയുഗത്തിന് ശേഷം സിദ്ധാര്‍ത്ഥും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ താന്‍ ഒരു ജി.വി.എം ഫാന്‍ ബോയ് ആണെന്ന് പറയുകയാണ് സിദ്ധാര്‍ത്ഥ്.

താന്‍ ഗൗതം വാസുദേവ് ഫാന്‍ ബോയ് ആണെന്നും സ്‌കൂള്‍ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളൊക്കെ തങ്ങളുടെ ലൗ ആന്തം ആയിരുന്നുെവന്നും സിദ്ധാര്‍ത്ഥ് പറയുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് കൂട്ടിചേര്‍ത്തു. സിനിമയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ രസകരമായിരുന്നുവെന്നും അദ്ദേഹം ഞങ്ങള്‍ക്കിടയില്‍ ഒരു സിനിമയുടെ അധ്യാപകനെ പോലെയായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരു ജി.വി. എം ഫാന്‍ബോയ് ആണ്. ഞാന്‍ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് മിന്നലെ വന്നത്. വസീഗരാ ഒക്കെ അന്നത്തെ ലൗവ് ആന്‍ന്തം ആയിരുന്നു. കാക്കാ കാക്കാ, വേട്ടയാട് വിളയാട് ഈ സിനിമകളൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആ സമയത്ത് അയാളെ അസിസ്റ്റ് ചെയ്യാനൊക്കെ ശ്രമിച്ചിരുന്നു പക്ഷേ നടന്നില്ല. ഒന്ന് രണ്ട് തവണ നേരിട്ട് കണ്ടപ്പോഴും ഒരു പിടുത്തം തരാതെ, സംസാരിക്കാതെ നിക്കുവായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പുള്ളിയുടെ യോഗം ഇങ്ങനെ ഒരേ പടത്തില്‍ വന്നത്. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ വളരെ ഇന്‍ട്രസ്റ്റിങ് ആയിരുന്നു.

ഞങ്ങള്‍ ഒരു നല്ല ടീമായിരുന്നു. ഗൗതം സാര്‍, പിന്നെ ഞങ്ങള്‍ എല്ലാവരും. റിയല്‍ ലൈഫിലും നല്ലൊരു ടീം പോലെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. അദ്ദേഹം ഒരു സിനിമ മാഷ് ഞങ്ങളെല്ലാം സിനിമ സ്റ്റുഡന്‍സ്. അങ്ങനെ ഞങ്ങള്‍ ഓരോ സിനിമയുടെ കാര്യങ്ങളൊക്കെ ചോദിച്ച് പുറകെ പോകും,’സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.

Content Highlight: Sidharth Bharathan about Gautham Vasudev Menon