Advertisement
Entertainment
ആ ഒരൊറ്റയാള്‍ക്ക് വേണ്ടി ഇന്ത്യന്‍ 2 വിജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്: സിദ്ധാര്‍ത്ഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 06, 10:57 am
Saturday, 6th July 2024, 4:27 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ട് 36 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ്. ആ വര്‍ഷത്തെ മികച്ച നടനടക്കം മൂന്ന് ദേശീയ അവാര്‍ഡ് നേടിയ ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരുന്നു. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലുമാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നത്.

രണ്ടാം ഭാഗത്തോടൊപ്പം മൂന്നാം ഭാഗത്തിന്റെയും ഷൂട്ട് കഴിഞ്ഞിരുന്നു. അടുത്ത വര്‍ഷം ആദ്യം മൂന്നാം ഭാഗം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. റാം ചരണിനെ നായകനാക്കി ഗെയിംചെയ്ഞ്ചര്‍ എന്ന സിനിമയും ഷങ്കര്‍ ഇതിനിടയില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. 80 ശതമാനത്തോളം ഷൂട്ട് തീര്‍ന്നുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

ഒരേസമയം മൂന്ന് ബ്രഹ്‌മാണ്ഡ സിനിമകള്‍ ചെയ്യുക എന്നത് ഷങ്കര്‍ എന്ന സംവിധായകന് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണെന്നും അദ്ദേഹത്തിന് വേണ്ടി ഇന്ത്യന്‍ 2 വിജയിക്കണമെന്ന് താന്‍ ആഗ്രഹിക്കുകയാണെന്ന് നടന്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ക്യാമറാമാന്മാരെയും മറ്റ് ടെക്‌നിഷ്യന്മാരെയും മൂന്ന് സിനിമയില്‍ ഉപയോഗിക്കുക എന്നത് ആര്‍ക്കും ചിന്തിക്കാന്‍ പറ്റാത്തതാണെന്നും താരം പറഞ്ഞു.

ഓരോ സെറ്റിലും ആയിരത്തിലധികം ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സീനുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് ആലോചിച്ച് അത്ഭുതപ്പെട്ട് പോയിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഈ സിനിമകളെല്ലാം ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളാകുമെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് നൂലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യന്‍ 2, ഇന്ത്യന്‍ 3, ഗെയിം ചേഞ്ചര്‍ ഈ മൂന്ന് സിനിമയും ഒരേസമയമാണ് ഷങ്കര്‍ സാര്‍ ചെയ്ത് തീര്‍ത്തത്. ഗെയിം ചേഞ്ചറിന്റെ ഷൂട്ട് കുറച്ചുകൂടി ബാക്കിയുണ്ട്. ഒന്ന് ആലോചിച്ചുനോക്കൂ, ഇങ്ങനെയൊരു കാര്യം ഏതെങ്കിലും സംവിധായകന് ചെയ്യാന്‍ പറ്റുമോ. ഒരു സെറ്റില്‍ നിന്ന് അടുത്ത സെറ്റിലേക്ക് എല്ലാദിവസവും പോയി കാര്യങ്ങള്‍ മാനേജ് ചെയ്യുകയാണ് അദ്ദേഹം.

ഓരോ സിനിമയിലും ലോകത്തിലെ ഏറ്റവും മികച്ച ക്യാമറാമാന്‍, കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച എക്വിപ്‌മെന്റ്‌സ് ഇതെല്ലാം കൃത്യമായി എങ്ങനെ അദ്ദേഹം ഉപയോഗിച്ചു എന്ന് ആലോചിച്ച് അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. ഷങ്കര്‍ സാറിന് വേണ്ടി ഇന്ത്യന്‍ 2 ഹിറ്റാകണമെന്നാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. ഈ മൂന്ന് സിനിമകളും ഇന്ത്യന്‍ സിനിമാചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

Content Highlight: Siddharth saying that he wish for Indian 2 only for Shankar’s effort