'ഫൈറ്റര്‍ സിനിമയുടെ പരാജയം; കാരണം 90% ഇന്ത്യക്കാരും വിമാനത്തില്‍ കയറാത്തത്‌' സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ്
Entertainment
'ഫൈറ്റര്‍ സിനിമയുടെ പരാജയം; കാരണം 90% ഇന്ത്യക്കാരും വിമാനത്തില്‍ കയറാത്തത്‌' സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd February 2024, 10:27 am

ഹൃതിക് റോഷനെ നായകനാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ഈ വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഫൈറ്റര്‍. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ ഫൈറ്റര്‍ ജെറ്റ് പൈലറ്റുമാരുടെ കഥ പറയുന്ന സിനിമ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ആദ്യദിനം 40കോടിക്കടുത്ത് കളക്ഷന്‍ ലഭിച്ച സിനിമ എട്ട് ദിവസം പിന്നിടുമ്പോള്‍ 240 കോടി കളക്ട് ചെയ്തിരിക്കുകയാണ്. 250 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ സിനിമക്ക് ഇതുവരെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനായിട്ടില്ല.

ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സിനിമ പരാജയപ്പെടാന്‍ കാരണം 90 ശതമാനം ഇന്ത്യാക്കാരും വിമാനത്തില്‍ കയറാത്തതുകൊണ്ടാണെന്ന പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് ഈ പരാമര്‍ശം നടത്തിയത്. സിനിമയുടെ ഓപ്പണിങ്ങ് കളക്ഷന്‍ ഇത്ര കുറയാന്‍ കാരണം എന്തായിരിക്കും എന്ന ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഫൈറ്റര്‍ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇന്ത്യയിലെ സിനിമാനിര്‍മാതാക്കള്‍ ഇത്തരം ഴോണറുകള്‍ പരീക്ഷിക്കണം. അധികം ആരും പരിക്ഷിക്കാത്ത തരത്തിലുള്ള തികച്ചും പുതിയതായ ഒരിടമാണ് ഇത്തരം സിനിമകള്‍. പ്രേക്ഷകര്‍ക്കും ഇതില്‍ വലിയ റഫറന്‍സ് പോയിന്റുകള്‍ ഇല്ല. അവര്‍ നോക്കുമ്പോള്‍ കാണുന്നത് വലിയ താരങ്ങളെയും, കൊമേഴ്‌സ്യല്‍ സംവിധായകനെയും മാത്രമാണ്. ഇതിനിടയില്‍ ഈ ഫ്‌ളൈറ്റുകള്‍ക്ക് എന്താ കാര്യമെന്ന് അവര്‍ വിചാരിക്കും.

അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍, നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകള്‍, ശരിക്ക് പറഞ്ഞാല്‍ 90 ശതമാനം ആളുകളും വിമാനത്തില്‍ കയറിയിട്ടില്ലാത്തതു കൊണ്ടും എയര്‍പോര്‍ട്ടില്‍ കയറാത്തതുകൊണ്ടുമാണ്. അങ്ങനെയുള്ളപ്പോള്‍ ആകാശത്ത് സംഭവിക്കുന്നത് അവര്‍ക്ക് മനസിലാകുമെന്ന് കരുതുന്നില്ല.

പ്രേക്ഷകര്‍ക്ക് ഇത്തരം കഥ കാണുമ്പോള്‍ അന്യഗ്രഹജീവിയെ കാണുന്ന പോലെയാണ്. ഫ്‌ളൈറ്റുകള്‍ തമ്മിലുള്ള ആക്ഷന്‍ കാണിക്കുന്ന സമയത്ത് ഇവിടെ വലിയൊരു വിഭാഗം ആളുകള്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്ത, വിമാനത്തില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അങ്ങനെയുള്ള ആളുകള്‍ ഈ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ ‘എന്താ ഉണ്ടാവുന്നതെന്ന് മനസിലാവുന്നില്ല’ എന്ന വികാരമാവും ഉണ്ടാവുക.

പക്ഷേ ഈ സിനിമയുടേത് വളരെ വൈകാരികമായിട്ടുള്ള കഥയാണ്. എല്ലാ വിഭാഗത്തിലെയും ആളുകളെ ആകര്‍ഷിക്കുന്ന കഥയായിട്ട് കൂടി ഇതിന്റെ ഴോണര്‍ വ്യത്യസ്തമായതിനാല്‍ സാധാരണക്കാര്‍ക്ക് ഇത്തരം സിനിമകളോട് മടിയുള്ളതായി തോന്നുന്നുണ്ട്’ സിദ്ധാര്‍ത്ഥ് ആനന്ദ് പറഞ്ഞു.

സംവിധായകന്റെ ഈ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് വരുന്നത്. എല്ലാവരം പ്ലസ് ടു പരീക്ഷ തോറ്റതു കൊണ്ടാണ് ട്വല്‍ത്ത് ഫെയില്‍ ഹിറ്റായതെന്നും, സ്വര്‍ണഖനിയില്‍ പണിയെടുക്കുന്ന വലിയ ശതമാനം ആളുകള്‍ ഉള്ളതുകൊണ്ടാണ് കെ.ജി.എഫ് ഹിറ്റായതെന്നുമുള്ള കമന്റുകളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വരുന്നത്.

Content Highlight: Siddharth Anand says that Fighter movie failed because 90% of Indians haven’t flown on plane