Film Review: പൂര്‍ണമായും മമ്മൂട്ടിയുടെയും മാസ് സിനിമകളുടെയും ആരാധകര്‍ക്ക് വേണ്ടിയുള്ള ചിത്രം. ഷൈലോക്കിനെ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. അജയ് വാസുദേവ് – മമ്മൂട്ടി കൂട്ട്‌കെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. മുന്‍ ചിത്രങ്ങളായ രാജാധി രാജ, മാസ്റ്റര്‍പീസ് എന്നിവയില്‍ നിന്ന് ഷൈലോക്കില്‍ എത്തുമ്പോള്‍ മാസിന് പുറമേ ആരാധകര്‍ക്ക് തുടക്കം മുതല്‍ അവസാനം വരെ ആഘോഷമാക്കാനുള്ള എല്ലാ ഘടകങ്ങളും അജയ് വാസുദേവ് ഒരുക്കിയിട്ടുണ്ട്.
ഗുഡ്‌വില്‍ സിനിമാസിന്റെ ബാനറില്‍ ജോബി ജോണ്‍ ഒരുക്കിയ ഈ ചിത്രത്തില്‍ മമ്മൂട്ടി, രാജ് കിരണ്‍, മീന, കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ് എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്.
ഷെക്‌സ്പിയറിന്റെ പ്രശസ്തമായ വെനീസിലെ വ്യാപാരിയിലെ വില്ലന്‍ കഥാപാത്രമാണ് ഷൈലോക്ക്. മലയാള സിനിമയില്‍ ഫണ്ട് ചെയ്യുന്ന നിര്‍മ്മാതാക്കളുടെ പുതിയ ദൈവമാണ് ബോസ്. ഇയാള്‍ക്ക് സിനിമാരംഗത്തുള്ളവര്‍ നല്‍കിയ പേരാണ് ഷൈലോക്ക്.
വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പണം വാങ്ങിയ ആളോട് ഒരു ദയയുമില്ലാതെ പെരുമാറുന്ന വ്യക്തി. അതാണ് ഷൈലോക്ക്. ഇയാളില്‍ നിന്ന് പണം വാങ്ങിയ മലയാള സിനിമയില്‍ നമ്പര്‍ വണ്‍ നിര്‍മാതാക്കളില്‍ ഒരാളായ പ്രതാപ വര്‍മ്മയുടെ കൈയ്യില്‍ നിന്ന് പണം തിരികെ വാങ്ങുന്നതിന് ഷൈലോക്ക് ഇറങ്ങി പുറപ്പെടുന്നു, എന്നാല്‍ അത് മാത്രമായിരുന്നില്ല ബോസിന്റെ ഉദ്ദേശം.
തുടക്കം മുതല്‍ അവസാനം വരെയുള്ള മമ്മൂട്ടിയുടെ അഴിഞ്ഞാട്ടമാണ് സിനിമയില്‍. കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് ഇത്രയും എനര്‍ജിയില്‍ മമ്മൂട്ടിയെ ബിഗ് സ്‌ക്രീനില്‍ കാണുന്നത്. സിനിമ മോഹിയായിരുന്ന ബോസിന്റെ സ്വഭാവം വളരെ എളുപ്പത്തില്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ നിരവധി സിനിമകളിളെ പഞ്ച് റഫറന്‍സുകള്‍ ധാരാളമായി ചിത്രത്തില്‍ ഉപയോഗിക്കാനും കഴിഞ്ഞു. മോഹന്‍ലാല്‍, വിജയ്, സൂര്യ, വിജയ് സേതുപതി തുടങ്ങി നിരവധി താരങ്ങളുടെയും സിനിമകളുടെയും റഫറന്‍സുകള്‍ ചിത്രത്തില്‍ വരുന്നുണ്ട്.
മാസും കോമഡിയും റഫറന്‍സുകളുമായി നിറഞ്ഞ ആദ്യ പകുതിയും സംഘര്‍ഷവും പ്രതികാരവും നിറഞ്ഞ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റെത്. രണ്ടാം പകുതിയില്‍ സ്ഥിരം കഥ സന്ദര്‍ഭങ്ങളിലേക്ക് സിനിമ പോകുന്നുണ്ട്. രണ്ട് മണിക്കൂറും 15 മിനിറ്റുമാണ് ചിത്രം. അത് കൊണ്ട് തന്നെ പല സീനുകളും പെട്ടന്ന് തീര്‍ത്തപോലെ തോന്നി. പ്രതികാര സീനുകളില്‍ ചിലത് കാണിച്ചിരുന്നെങ്കില്‍ കുറച്ച് കൂടി മാസ് ആകുമായിരുന്നു.
ചിലയിടങ്ങിളിലെ ലിപ് സിങ്കും പ്രശ്‌നമായി തോന്നി. ഗോപി സുന്ദറിന്റെ ബി.ജി.എം ചിത്രത്തിന്റെ മാസ് രംഗങ്ങള്‍ക്ക് കൂടുതല്‍ പഞ്ച് നല്‍കുന്നുണ്ട്. വിജയ് ആരാധകര്‍ക്കും മമ്മൂട്ടി ആരാധകര്‍ക്കും ഒരേപോലെ ആഘോഷമാക്കാന്‍ കഴിയുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.
പക്ഷേ ചിത്രത്തിന്റെ ക്ലൈമാക്‌സ് പെട്ടന്ന് തീര്‍ത്തപോലെ അനുഭവപ്പെട്ടു. എടുത്ത് പറയേണ്ട ഒരാള്‍ ചിത്രത്തിന്റെ ക്യാമറയാണ്. മികച്ച ധാരാളം ഷോട്ടുകള്‍ ചിത്രത്തില്‍ ഉണ്ട്. രണദീവിന്റെ ക്യാമറയും റിയാസിന്റെ എഡിറ്റിങ്ങും ഒരു മാസ് സിനിമയ്ക്ക് വേണ്ട വേഗത ചിത്രത്തിന് നല്‍കുന്നുണ്ട്.
സേല്‍ഫ് ട്രോളോട് കൂടി സിനിമ ആരംഭിച്ച ചിത്രത്തിന്റെ സംവിധായകന്‍ അജയ് വാസുദേവും ചിത്രത്തില്‍ ഒരു റോളില്‍ എത്തുന്നുണ്ട്. കലാഭവന്‍ ഷാജോണിന്റെ വില്ലന്‍ കഥാപാത്രം കൈയ്യടി നേടുന്നുണ്ട്. അനല്‍ അരശ്, മാഫിയ ശശി, സ്റ്റണ്ട് സില്‍വ, രാജശേഖര്‍ എന്നിവരുടെ ഫൈറ്റും മികച്ചു നിന്നു.
ചുരുക്കി പറഞ്ഞാല്‍ മാസ് സിനിമകള്‍ ഇഷ്ടപ്പെടുന്ന മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷമാക്കാനുള്ള എല്ലാം ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്.