ഒന്ന് മിണ്ടാതിരിക്ക്, നിങ്ങളെന്നെ എന്ത് ചെയ്യാനാ; '40 രൂപ പെട്രോളിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബാബ രാംദേവ്
national news
ഒന്ന് മിണ്ടാതിരിക്ക്, നിങ്ങളെന്നെ എന്ത് ചെയ്യാനാ; '40 രൂപ പെട്രോളിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബാബ രാംദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st March 2022, 8:18 am

ന്യൂദല്‍ഹി: ഇന്ധന വിലയെക്കുറിച്ച് മുമ്പ് നടത്തിയ പ്രസ്താവനെയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പതാഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്.

പെട്രോളിന് 40 രൂപയും പാചകവാതകത്തിന് ഒരു സിലിണ്ടറിന് 300 രൂപയും ആക്കുന്ന സര്‍ക്കാരിനെയാണ് ആവശ്യം എന്ന രാംദേവിന്റെ മുന്‍പ്രസ്താവനയെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

‘അതെ, ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇത്തരം ചോദ്യങ്ങള്‍ തുടരരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് നിങ്ങളോട് കരാറുണ്ടോ?,” രാംദോവ് ചോദിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യം ചോദിച്ചപ്പോള്‍, രാംദേവ് അസ്വസ്ഥനാവുകയും മാധ്യമപ്രവര്‍ത്തകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ഞാന്‍ മറുപടി പറഞ്ഞു, നിങ്ങള്‍ എന്ത് ചെയ്യും? മിണ്ടാതിരിക്കു, നിങ്ങള്‍ വീണ്ടും ചോദിച്ചാല്‍ അത് നല്ലതിനല്ല. ഇങ്ങനെ സംസാരിക്കരുത്, നിങ്ങള്‍ മാന്യരായ മാതാപിതാക്കളുടെ മകനായിരിക്കണം,” രാംദേവ് പ്രതികരിച്ചു.

പ്രയാസകരമായ സമയങ്ങളില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ രാംദേവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘ ഇന്ധന വില കുറഞ്ഞാല്‍ നികുതി കിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്, പിന്നെ എങ്ങനെ രാജ്യം ഭരിക്കും, ശമ്പളം കൊടുക്കും, റോഡുകള്‍ പണിയും? അതെ, പണപ്പെരുപ്പം കുറയണം, ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ആളുകള്‍ കഠിനാധ്വാനം ചെയ്യണം. ഞാന്‍ പോലും പുലര്‍ച്ചെ 4 മണിക്ക് ഉണരുകയും രാത്രി 10 മണി വരെ ജോലി ചെയ്യുകയും ചെയ്യുന്നു,’ ചുറ്റും ഇരുന്ന അനുയായികള്‍ കൈയടിച്ചപ്പോള്‍ രാംദേവ് പറഞ്ഞു.

ഇതിന് മുമ്പും മോദി സര്‍ക്കാരിനെ പുകഴ്ത്തി രാംദേവ് രംഗത്തുവന്നിരുന്നു.

 

 

Content Highlights: “Shut Up, Won’t Be Good For You”: Ramdev To Reporter On Fuel Price Query