ന്യൂദല്‍ഹി: കര്‍ഷക മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് ആക്രമണത്തില്‍ ബുധനാഴ്ച ആണ് യുവ കര്‍ഷകനായ ശുബ്കരൻ സിങെന്ന 21 കാരന്‍ കൊല്ലപ്പെട്ടത്. ശുബ്കരന്റെത് മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ തലക്ക് പിന്നില്‍ വെടിയേറ്റതിന്റെ ചിത്രങ്ങള്‍ കര്‍ഷകര്‍ പുറത്ത് വിട്ടിരുന്നു.
പഞ്ചാബിലെ ബതിന്‍ഡ ജില്ലയിലെ തന്റെ വീട്ടില്‍ നിന്നും ഫെബ്രുവരി 13നാണ് ശുബ്കരന്‍ സിങ് ദല്‍ഹിയിലെ കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാനായി പോയത്. കര്‍ഷക പ്രതിഷേധം തുടങ്ങി എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ശുബ്കരന്‍ കൊല്ലപ്പെട്ടത്. കഠിനാധ്വാനിയായ കര്‍ഷകനായിരുന്നു ശുബ്കരനെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടിക്കാന്‍ അങ്ങേയറ്റം കഷ്ടപ്പെടുന്നതിനിടയിലാണ് അവന്‍ സമരത്തില്‍ പങ്കെടുക്കുന്നതിനായി പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
12-ാം ക്ലാസില്‍ തന്റെ പഠനം നിര്‍ത്തിയതിന് ശേഷം കൃഷിയിലേക്കിറങ്ങിയ ശുബ്കരന്‍ ഒരു നല്ല കര്‍ഷകനാകണമെന്നാണ് ആഗ്രഹിച്ചിരുന്നത്. അമ്മ മരണപ്പെട്ടതോടെ മാനസിക രോഗത്താല്‍ കഷ്ടപ്പെടുന്ന പിതാവിന്റെയും രണ്ട് സഹോദരിമാരുടെയും ഉത്തരവാദിത്തം ഈ 21കാരന്റെ കൈകളിലായിരുന്നു.
പഞ്ചാബിനും ഹരിയാനക്കുമിടയിലുള്ള ഖനൗരി അതിര്‍ത്തിയില്‍ വെച്ചാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ശുബ്കരൻ കൊല്ലപ്പെട്ടത്. തലക്ക് വെടിയേറ്റാണ് മരണമെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചെങ്കിലും മരണത്തിലിതുവരെ പ്രതികരിക്കാന്‍ പൊലീസ് തയാറായിട്ടില്ല. നഷ്ടപരിഹാരമായി ശുബ്കരന്റെ ബന്ധുക്കളിലൊരാള്‍ക്ക് കേന്ദ്രം സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ അദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞിരുന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം കര്‍ഷകര്‍ക്ക് നേരെ ബലപ്രയോഗം നടത്തുകയാണ് പൊലീസ് ചെയ്യുന്നതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. ശുബ്കരന്റെ മരണത്തിന് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആണെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവില്ലായ്മയാണ് 21 കാരന്റെ മരണത്തിന് കാരണമെന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വവും ആരോപിച്ചു.