Advertisement
Entertainment
ലാലേട്ടന്‍ ഇപ്പോള്‍ ഫ്‌ളാറ്റില്‍ വന്ന് പോയതേയുള്ളൂ, ജസ്റ്റ് മിസ്സെന്ന് പ്രണവിനോട് പറഞ്ഞു, അവന്റെ മറുപടി ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല: പ്രശാന്ത് അമരവിള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 16, 11:12 am
Wednesday, 16th April 2025, 4:42 pm

അസിസ്റ്റന്റ് ഡയറക്ടറായും കലാസംവിധായകനായും സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്നയാളാണ് പ്രശാന്ത് അമരവിള. ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് സിനിമാലോകത്തേക്കെത്തുന്നത്. പിന്നീട് ആട് 2, കാര്‍ബണ്‍, അരവിന്ദന്റെ അതിഥികള്‍, ഹൃദയം വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങി 20ലധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രശാന്ത് അമരവിള. എപ്പോഴും വൈബായി നടക്കുന്ന ആളാണ് പ്രണവെന്ന് പ്രശാന്ത് അമരവിള പറഞ്ഞു. തന്നെ നല്ല കാര്യമാണ് പ്രണവിനെന്നും എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കിടയിലുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

ഒരുദിവസം മോഹന്‍ലാല്‍ തങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ വന്നിരുന്നെന്നും പ്രണവിനെ അന്വേഷിച്ചെന്നും പ്രശാന്ത് പറയുന്നു. എന്നാല്‍ ആ സമയത്ത് പ്രണവ് ഫ്‌ളാറ്റില്‍ ഇല്ലാത്തതുകൊണ്ട് അദ്ദേഹം തിരിച്ചുപോയെന്ന് പ്രശാന്ത് പറഞ്ഞു. പ്രണവ് തിരിച്ചെത്തിയപ്പോള്‍ ഇക്കാര്യം പറഞ്ഞെന്നും ജസ്റ്റ് മിസ്സായെന്ന് പറഞ്ഞെന്നും പ്രശാന്ത് അമരവിള കൂട്ടിച്ചേര്‍ത്തു.

ആ സമയത്തെ ഒരു എക്‌സൈറ്റ്‌മെന്റിലാണ് താന്‍ പ്രണവിനോട് അങ്ങനെ പറഞ്ഞതെന്നും അതിന് പ്രണവ് തന്ന മറുപടി തന്നെ ഞെട്ടിച്ചെന്നും പ്രശാന്ത് പറഞ്ഞു. അത് എന്റെ അച്ഛനാടോ എന്നായിരുന്നു പ്രണവിന്റെ മറുപടിയെന്നും അത് കേട്ട് താന്‍ കുറച്ച് നേരം സ്റ്റക്കായി നിന്നെന്നും പ്രശാന്ത് അമരവിള കൂട്ടിച്ചേര്‍ത്തു. ഹൃദയത്തിന്റെ ഷൂട്ടിന്റെ സമയത്ത് എല്ലാ ദിവസവും പ്രണവ് അന്നത്തെ എല്ലാ കാര്യങ്ങളും മോഹന്‍ലാലിനെ വിളിച്ച് പറയുമായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് അമരവിള.

‘പ്രണവ് എപ്പോഴും ഒരു പ്രത്യേക വൈബില്‍ നടക്കുന്നയാളാണ്. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് പ്രണവിനോട് ഉണ്ട്. എന്നെ നല്ല കാര്യമാണ് അവന്. എല്ലാ കാര്യവും വളരെ സിമ്പിളായിട്ടാണ് അവന്‍ കാണുന്നത്. ഒരുദിവസം ഞാനും പ്രണവും നില്‍ക്കുന്ന ഫ്‌ളാറ്റിലേക്ക് ലാലേട്ടന്‍ വന്നു. പ്രണവിനെ കാണാന്‍ വന്നതാണ്. പക്ഷേ ആ സമയത്ത് അവന്‍ അവിടെയുണ്ടായിരുന്നില്ല.

പിന്നെ വരാമെന്ന് പറഞ്ഞ് ലാലേട്ടന്‍ പോയി. പ്രണവ് വന്നപ്പോള്‍ ഞാന്‍ ഇത് അവനോട് പറഞ്ഞു. ‘എടാ, ലാലേട്ടന്‍ ഇപ്പോള്‍ വന്ന് പോയതേയുള്ളൂ, ജസ്റ്റ് മിസ്സായി’ എന്ന് അവനോട് പറഞ്ഞു. ‘എടോ, അത് എന്റെ അച്ഛനാടോ’ എന്നായിരുന്നു അവന്റെ മറുപടി. ആ സമയത്തെ എക്‌സൈറ്റ്‌മെന്റിലാണ് ഞാനത് പറഞ്ഞത്. പ്രണവിന്റെ മറുപടി ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. അവന്‍ അത്തരം കാര്യങ്ങളെ കാണുന്നത് അങ്ങനെയാണ്. ഹൃദയത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ അന്ന് സെറ്റില്‍ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയുമായിരുന്നു,’ പ്രശാന്ത് അമരവിള പറയുന്നു.

Content Highlight: Prashanth Amaravila about Pranav Mohanlal and Mohanlal