ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ തന്നെ ക്യാപ്റ്റനായി തെരഞ്ഞെടുക്കാതിരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ച് സൂപ്പര്‍ താരം നിതീഷ് റാണ. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചതിന്റെ എക്‌സ്പീരിയന്‍സുണ്ടായിരുന്നിട്ടും രാജസ്ഥാന്‍ റോയല്‍സ് താരത്തിന് ക്യാപ്റ്റന്‍സി നല്‍കിയിരുന്നില്ല. റിയാന്‍ പരാഗായിരുന്നു ആദ്യ മൂന്ന് മത്സരത്തില്‍ ടീമിനെ നയിച്ചത്.
പരിക്കിന് പിന്നാലെ സഞ്ജു സാംസണ് ഫീല്‍ഡിങ്ങിനും വിക്കറ്റ് കീപ്പിങ്ങിനും അപെക്‌സ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. ഇതോടെ ഇംപാക്ട് പ്ലെയറായാണ് സഞ്ജു ആദ്യ മൂന്ന് മത്സരത്തിലും ടീമിന്റെ ഭാഗമായത്. ഈ മത്സങ്ങളിലാണ് പരാഗ് ടീമിനെ നയിച്ചത്. ഇതില്‍ രണ്ട് തോല്‍വിയും ഒരു ജയവും രാജസ്ഥാന്റെ പേരില്‍ കുറിക്കപ്പെട്ടു.
ഇപ്പോള്‍ റിയാന്‍ പരാഗിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നിതീഷ് റാണ. തന്നേക്കാള്‍ നന്നായി രാജസ്ഥാന്‍ റോയല്‍സിന്റെ ടീം കള്‍ച്ചര്‍ വ്യക്തമായി അറിയുന്നത് റിയാന്‍ പരാഗിനാണെന്നും ഇക്കാരണം കൊണ്ടുതന്നെ പരാഗിനെ ക്യാപ്റ്റനാക്കിയ തീരുമാനം ശരിയാണെന്നുമാണ് റാണ പറഞ്ഞത്.
‘ഞാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുമ്പോള്‍, ഞാന്‍ ആറ് – ഏഴ് വര്‍ഷമായി ടീമിനൊപ്പം തന്നെയുണ്ടായിരുന്നു. ഇത് ടീം കള്‍ച്ചറിനെ കുറിച്ചും ഡ്രസ്സിങ് റൂമിലെ അന്തരീക്ഷത്തെ കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ടാക്കി. ക്യാപ്റ്റന്‍സിയില്‍ ഇക്കാര്യം എന്നെ സഹായിക്കുകയും ചെയ്തു.
രാജസ്ഥാന്‍ റോയല്‍സില്‍, എന്നെക്കാളും മികച്ച രീതിയില്‍ ടീം സെറ്റപ്പിനെ കുറിച്ച് അറിവുള്ളത് റിയാന്‍ പരാഗിനാണ്. എനിക്ക് തോന്നുന്നത് മാനേജ്‌മെന്റ് തീര്‍ച്ചയായും ശരിയായ തീരുമാനമാണ് കൈക്കൊണ്ടത് എന്നാണ്,’ റാണ പറഞ്ഞു.
തന്നോട് ക്യാപ്റ്റന്‍സിയേറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ സന്തോഷത്തോടെ ആ ചുമതലയേറ്റെടുക്കുമായിരുന്നു എന്നും റാണ കൂട്ടിച്ചേര്‍ത്തു.
‘അവരെന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍, തീര്‍ച്ചയായും ഞാന്‍ ക്യാപ്റ്റന്‍സിയുടെ ചുമതലയേറ്റെടുക്കുമായിരുന്നു. എന്നാല്‍ ആത്യന്തികമായി ടീമിന് എറ്റവും നല്ലത് ഇതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാനേജ്‌മെന്റ് ശരിയായ തീരുമാനമാണ് കൈക്കൊണ്ടത് എന്നാണ് കരുതുന്നത്,’ താരം വ്യക്തമാക്കി.
കളിക്കളത്തില്‍ കാര്യങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കും. ചില സമയങ്ങളില്‍, മത്സരത്തിന്റെ സാഹചര്യങ്ങള്‍ ഒരു പ്രത്യേക സമീപനം കൈക്കൊള്ളാന്‍ നിര്‍ബന്ധിതരാക്കും. ഐ.പി.എല്‍ പോലുള്ള ഒരു ഫോര്‍മാറ്റില്‍ ലെഫ്റ്റ് – റൈറ്റ് ബാറ്റിങ് കോമ്പിനേഷന്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ണായകമാണ്. എനിക്ക് ബാറ്റ് ചെയ്യാന്‍ അധികം അവസരങ്ങള്‍ ലഭിക്കാത്ത ചില മത്സരങ്ങളുണ്ടായിരുന്നു.
എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. തുടക്കത്തില്‍ ഞാന്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ സമ്മതിച്ചു, ഒടുവില്‍ 80 റണ്‍സ് സ്‌കോര്‍ ചെയ്തു. അതിനാല്‍ ടീമിന് ആവശ്യമുള്ളത് നല്‍കുന്നതില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിന് ഞാന്‍ എപ്പോഴും തയ്യാറാണ്,’ റാണ പറഞ്ഞു.
അതേസമയം, സീസണില്‍ ഏഴാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. കളിച്ച ആറ് മത്സരത്തില്‍ നിന്നും രണ്ട് ജയവും നാല് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
Content Highlight: IPL 2025: Nitish Rana on team’s call to hand over the captaincy to Riyan Parag ahead of him.