ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ അടുത്ത മത്സരം വിജയിക്കുന്നത് ഇന്ത്യക്ക് അത്യാവശ്യമാണ്. എന്നാല്‍ രണ്ട് കളിയിലും ഒരു ടീം ഗെയിം കൊണ്ട് വരുവാന്‍ ഇന്ത്യക്കായിട്ടില്ല.
എന്നാല്‍ ഈ തോല്‍വി ഒന്നും മുഖവിലക്ക് എടുക്കുന്നില്ലയെന്നും ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പ്രാക്റ്റീസായേ കാണുന്നുള്ളു എന്നാണ് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ പറഞ്ഞത്. പ്ലാനുകള്‍ ഉണ്ടാക്കുന്നത് ലോകകപ്പിന് വേണ്ടിയാണെന്നും ബൈലാറ്ററല്‍ പരമ്പരകള്‍ക്ക് വേണ്ടിയല്ലെന്നും താരം പറഞ്ഞു.
‘ഞങ്ങളുടെ പ്രധാന ലക്ഷ്യം വ്യക്തമായും ലോകകപ്പാണ്, അതിനാല്‍ ഞങ്ങള്‍ അതിനായി പ്ലാന്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ഫ്രീയായി കളിക്കാനുള്ള മൈന്‍ഡ് സെറ്റിലാണ് ഞങ്ങള്‍. മുന്‍കാലങ്ങളില്‍ ഞങ്ങള്‍ക്ക് കുറവായിരുന്ന പ്രാക്റ്റീസിങ് ഗെയിമുകളാണ് ഈ പരമ്പരകള്‍. ടീം മീറ്റിങിലും ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇതാണ്,’ അയ്യര്‍ പറഞ്ഞു
”എന്ത് സംഭവിച്ചാലും, ടീം മീറ്റിങില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്. പരാജയപ്പെട്ടാലും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കളിക്കാരും ടീമും വളരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഞങ്ങള്‍ ഓസ്ട്രേലിയയില്‍ എത്തുന്നതുവരെ ടീം പ്ലാനിങ് നടപ്പാക്കുന്നത് പ്രധാനമാണ്, ” അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാം ട്വന്റി-20 മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് താരം തുറന്ന് സംസാരിച്ചത്. വിക്കറ്റ് വീണാലും അറ്റാക്ക് ചെയ്തു കളിക്കുക എന്നതാണ് ടീമിന്റെ പ്ലാനെന്ന് അയ്യര്‍ വ്യക്തമാക്കി.
‘എന്ത് സംഭവിച്ചാലും മുന്നോട്ട് പോകാനാണ് ഞങ്ങള്‍ ഈ പദ്ധതി തയ്യാറാക്കിയത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായാലും, ഇത് ഞങ്ങളുടെ ഗെയിം പ്ലാനാണ്, ഭാവിയിലും അതേ ചിന്താഗതിയില്‍ ടീം ഇറങ്ങും. ഞങ്ങള്‍ ഞങ്ങളെ തന്നെ പിന്താങ്ങുകയും നമ്മുടെ ഉദ്ദേശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറായ 211 റണ്‍സ് ദക്ഷിണാഫ്രിക്ക അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. ഡേവിഡ് മില്ലറും, വാന്‍ ഡെര്‍ ഡുസനും മത്സരം ഇന്ത്യയില്‍ നിന്നും തട്ടി എടുക്കുകയായിരുന്നു. ഡുസന്‍ 75 റണ്‍സും മില്ലര്‍ 64 റണ്‍സും നേടി പുറത്താകാതെ നിന്നു.
രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ തകര്‍ന്ന ഇന്ത്യ 148 റണ്‍ മാത്രമേ നേടിയുള്ളു. എങ്കിലും ആദ്യ ആറ് ഓവറില്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഇന്ത്യ നേടിയിരുന്നു. പക്ഷെ 81 റണ്ണുമായി ഹെന്റിച്ച് ക്ലാസന്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു. പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ബന്ധമായും ജയിക്കേണ്ടതുണ്ട്.