Sports News
ചെറിയ ഫോര്‍മാറ്റാണ് ബുംറയ്ക്ക് മികച്ചത്, റെഡ് ബോളില്‍ പരിക്ക് പറ്റാന്‍ സാധ്യതയുണ്ട്; തുറന്ന് പറഞ്ഞ് ഷോയിബ് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 14, 09:59 am
Saturday, 14th December 2024, 3:29 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ബ്രിസ്ബേനിലെ ഗാബയിലാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ 13.2 ഓവര്‍ പിന്നിട്ട് ഓസീസ് 28 റണ്‍സ് എന്ന നിലയില്‍ ആയപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. നിലവില്‍ മഴ കാരണം ആദ്യ ദിനം മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസറെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസ് മാസ്റ്റര്‍ ഷോയിബ് അക്തര്‍. ദി നകാഷ് ഖാന്‍ ഷോ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അക്തര്‍. ബുംറ ചെറിയ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും റെഡ് ബോളില്‍ ദീര്‍ഘ നേരം ബോളെറിയേണ്ടി വരുമ്പോള്‍ പ്രകടനം നഷ്ടപ്പെടുമെന്നും അക്തര്‍ പറഞ്ഞു. മാത്രമല്ല റെഡ് ബോളില്‍ തുടരുന്നതിനേക്കാള്‍ ചെറിയ ഫോര്‍മാറ്റില്‍ ഉറച്ച് നില്‍ക്കുന്നതാണ് താരത്തിന് നല്ലതെന്നും അക്തര്‍ സൂചിപ്പിച്ചു.

‘ചെറിയ ഫോര്‍മാറ്റുകള്‍ക്കും ഏകദിന മത്സരങ്ങള്‍ക്കും വളരെ നല്ല ഫാസ്റ്റ് ബൗളറാണ് അവന്‍, കാരണം അവന്‍ കൃത്യമായി ലങ്ത് മനസിലാക്കുന്നു. ഡെത്ത് ഓവറുകളിലും പവര്‍പ്ലേയിലും ബുംറ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് ഞാന്‍ കരുതുന്നു, കൂടാതെ അദ്ദേഹത്തിന് പന്ത് രണ്ട് വഴിക്കും സ്വിങ് ചെയ്യാന്‍ കഴിയും,

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ കൂടുതല്‍ സ്‌പെല്ലുകള്‍ എറിയണം. ബാറ്റര്‍മാര്‍ നിങ്ങളെ തല്ലാന്‍ ശ്രമിക്കാത്തതിനാല്‍ നിങ്ങള്‍ക്ക് പേസ് ആവശ്യമാണ്. ഫോര്‍മാറ്റിലെ ദൈര്‍ഘ്യം അപ്രസക്തമാകും. വേഗതക്കുറവിനൊപ്പം പന്ത് സീം ചെയ്യുകയോ റിവേഴ്‌സ് ചെയ്യുകയോ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ ബുദ്ധിമുട്ടും. നിങ്ങള്‍ സ്‌ട്രൈക്ക് ചെയ്യുന്നില്ലെങ്കില്‍ ആളുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങും,

ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് വീഴ്ത്താന്‍ അവന് സാധിക്കും. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കാര്യമായൊന്നും ചെയ്തില്ലെ, എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടരണമെങ്കില്‍ അയാള്‍ക്ക് വേഗത കൂട്ടണം. വേഗത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഞാന്‍ അവനായിരുന്നുവെങ്കില്‍, ഞാന്‍ ചെറിയ ഫോര്‍മാറ്റുകളില്‍ ഉറച്ചുനില്‍ക്കുമായിരുന്നു,’ ഷോയിബ് അക്തര്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.

മൂന്നാം ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിച്ചപ്പോള്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപിനെയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഗാബയില്‍ ഓപ്പണിങ് ബൗള്‍ ചെയ്തത് ബുംറയും സിറാജുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇരുവര്‍ക്കും ഓസീസ് ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചില്ലായിരുന്നു.

ഗാബ ടെസ്റ്റില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത് ഉസ്മാന്‍ ഖവാജയും നഥാന്‍ മക്‌സ്വീനിയുമാണ്. ഉസ്മാന്‍ 47 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ അടക്കം 19* റണ്‍സ് നേടിയപ്പോള്‍ നഥാന്‍ 33 പന്തില്‍ നാല് റണ്‍സ് നേടി മിന്നും ഡിഫന്റാണ് കാഴ്ചവെച്ചത്.

 

Content Highlight: Shoib Aktar Talking About Jasprit Bumrah