ആടിനെ പട്ടിയാക്കരുത്: തന്നെ ആരും തള്ളിപ്പറഞ്ഞിട്ടില്ല: ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ശോഭാ സുരേന്ദ്രന്‍
Daily News
ആടിനെ പട്ടിയാക്കരുത്: തന്നെ ആരും തള്ളിപ്പറഞ്ഞിട്ടില്ല: ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ശോഭാ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th May 2017, 11:22 am

തിരുവന്തപുരം: ഗവര്‍ണര്‍ പി. സദാശിവത്തിനെതിരായ തന്റെ പ്രസ്താവനയെ ആരും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.

താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഗവര്‍ണറെ അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രി സമാധാന ചര്‍ച്ച വിളിച്ച ശേഷം 4 കൊലപാതകങ്ങള്‍ കണ്ണൂരില്‍ നടന്നു. രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് തവണ ഗവര്‍ണറുടെ അടുത്ത് പരാതിയുമായി ചെന്നു. എന്നാല്‍ അദ്ദേഹം വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രീയ കൊലപാതകത്തിന് അദ്ദേഹം എന്ത് പിഴച്ചെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ ഒരാളോട് കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം എന്ന തരത്തില്‍ പറയുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഗവര്‍ണര്‍ എന്താ വിമര്‍ശനത്തിന് അതീതനാണോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.


Dont Miss ഗവര്‍ണര്‍ക്കെതിരായ പ്രസ്താവന: ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി ഒ. രാജഗോപാലന്‍ 


ഗവര്‍ണര്‍ക്കെതിരെ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അദ്ദേഹത്തെ അപമാനിച്ചു എന്ന രീതിയില്‍ വാര്‍ത്ത നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം കസേരിയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന ശോഭാ സുരേന്ദ്രന്റെ പ്രസ്താവന തള്ളി ഒ. രാജഗോപാലന്‍ എം.എല്‍.എ നിയമസഭയില്‍ രംഗത്തെത്തിയിരുന്നു.

പ്രസ്താവന യുവാക്കളുടെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്നും ഗവര്‍ണറെ അപമാനിക്കുക തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമല്ലെന്നും ഒ. രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എം.ടി രമേശും ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയിരുന്നു.