'സച്ചിനെ പ്രശംസിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് വിരാടിനെ പുകഴ്ത്തിക്കൂടാ?'; വിശദീകരിച്ച് ഷോയിബ് അക്തര്‍
Cricket
'സച്ചിനെ പ്രശംസിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് വിരാടിനെ പുകഴ്ത്തിക്കൂടാ?'; വിശദീകരിച്ച് ഷോയിബ് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th March 2023, 4:24 pm

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തോളം ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമായിരുന്നു. കളിയില്‍ ഫോം ഔട്ടായെന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് താരം വിധേയനായിരുന്നത്.

എന്നാല്‍ ഏഷ്യാ കപ്പില്‍ സെഞ്ച്വറി നേടിക്കൊണ്ട് തിരിച്ചുവരവ് നടത്തിയ താരം വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പിന്നീട് കാഴ്ചവെച്ചത്.

നിരവധി പ്രമുഖരാണ് താരത്തിന് ആരാധകരായിട്ടുള്ളത്. കോഹ്ലി ഫോം ഔട്ടായ സമയത്തും താരത്തെ പിന്തുണച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. താന്‍ കോഹ് ലിയെ പ്രശംസിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം ഷോയിബ് അക്തര്‍. സുനോ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഷോയിബ്.

‘സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലക്ക് അദ്ദേഹം പരാജയമായിരുന്നു. സച്ചിന്‍ സ്വയം ക്യാപ്റ്റന്‍സി ഉപേക്ഷിക്കുകയുമായിരുന്നു. ഞാന്‍ വിരാട് കോഹ്‌ലിയെക്കുറിച്ചും സമാനമായ കാര്യങ്ങള്‍ എന്റെ സുഹൃത്തുക്കളിലൊരാളോട് സംസാരിക്കുകയുണ്ടായി.

കോഹ്‌ലിയും ക്യാപ്റ്റനെന്ന നിലയില്‍ പരാജയമായിരുന്നു. എന്നാല്‍ മനസ് വെച്ച് കളിക്കുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്. അദ്ദേഹത്തിന്റെ മൈന്‍ഡ് ഫ്രീ ആയിരുന്നപ്പോള്‍ ടി-20 വേള്‍ഡ് കപ്പ് ഉയര്‍ത്താനും സാധിച്ചിരുന്നു. ഫോമിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി ദൈവം അയാള്‍ക്കായി ഒരു ടൂര്‍ണമെന്റ് ഒരുക്കുന്നതുപോലെയായിരുന്നു അത്.

ഇന്ത്യ ചെയ്‌സിനിറങ്ങുമ്പോള്‍ കോഹ്‌ലി നേടിയ 40 ഓളം സെഞ്ച്വറികളും നിങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ആളുകള്‍ എന്നോട് ചോദിക്കുന്നു നിങ്ങളെന്തിനാണ് വിരാട് കോഹ് ലിയെ ഇങ്ങനെ പ്രശംസിക്കുന്നതെന്ന്. ഞാനെന്തിന് അങ്ങനെ ചെയ്യാതിരിക്കണം? ഒരു ഘട്ടത്തില്‍ വിരാടിന്റെ സെഞ്ച്വറികളുടെ ബലത്തിലായിരുന്നു ഇന്ത്യയുടെ ജയം,’ ഷോയിബ് പറഞ്ഞു.

നിലവില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കുകയാണ് വിരാട്. എന്നാല്‍ കഴിഞ്ഞ മൂന്ന് ടെസ്റ്റിലും കോഹ്‌ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. എല്ലാ പ്രാവശ്യത്തെയും പോലെ കോഹ്‌ലിയുടെ അപ്രതീക്ഷിത തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights: Shoaib Akthar reveals why he praises Virat Kohli