ഭോപ്പാല്‍: ഭാര്യയുടെ കവിതയെന്ന പേരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പങ്കുവെച്ച കവിത തന്റേതാണെന്ന അവകാശ വാദവുമായി എഴുത്തുകാരി രംഗത്ത്. ബ്രാന്‍ഡിംഗ് വിദഗ്ധയും എഴുത്തുകാരിയുമായ ഭൂമിക ബിര്‍താരെയാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ മാസമാണ് തന്റെ ഭാര്യാപിതാവ് മരിച്ച സമയത്ത് ഈ കവിത ചൗഹാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ചൗഹാന്റെ ഭാര്യാ പിതാവ് നവംബര്‍ 18നാണ് മരിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ബാവുജി (അച്ഛന്‍) എന്ന തലക്കെട്ടിലുള്ള ഹിന്ദി കവിതയുടെ വരികള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
‘ഞാന്‍ നിങ്ങളുടെ അനന്തരവളെ പോലെയാണ്. എന്റെ കവിത മോഷ്ടിച്ചതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടാനുള്ളത്? ഈ കവിത എഴുതിയത് ഞാനാണ്. അവകാശങ്ങള്‍ രക്ഷിക്കുന്നയാള്‍ എന്ന നിലയില്‍ എന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം,’ ഭൂമിക ട്വീറ്റ് ചെയ്തു.
കവിതയുടെ കടപ്പാട് തനിക്ക് തരണമെന്നും അത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട ഭാര്യയുടെതല്ലെന്നും ഭൂമിക മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പെടെയുള്ളവരെ ഭൂമിക പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
തന്റെ പിതാവ് നഷ്ടപ്പെട്ട വേദനയിലാണ് ആ കവിത എഴുതിയതെന്നും കവിതയുടെ പേര് ഡാഡി എന്നാണ് ‘ബാവുജി’എന്നല്ലെന്നും ഭൂമിക എന്‍.ഡി.ടി.വിയോട് പറഞ്ഞു.
‘നവംബര്‍ 21ന് ഞാനിത് ഫേസ്ബുക്കിലിട്ടു. മുഖ്യമന്ത്രിയുടെ ഭാര്യ ആ കവിത വാട്ട്‌സാപ്പില്‍ ഷെയര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സുഹൃത്തുക്കള്‍ കാണിച്ചു തന്നു. പിന്നീടാണ് ചൗഹാന്‍ തന്റെ ഭാര്യയുടെ കവിതയാണെന്ന് പറഞ്ഞ് എന്റെ കവിത ട്വിറ്ററില്‍ പങ്കുവെച്ച വിവരം അറിഞ്ഞത്,’ ഭൂമിക പറഞ്ഞു.
സംഭവം വിവാദമായതോടെ നിരവധി പേരാണ് ഭൂമികയെ പിന്തുണച്ചും ചൗഹാനെ പരിഹസിച്ചും രംഗത്തെത്തിയത്.
ബി.ജെ.പിയെ പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. പേരുമാറ്റുന്നതില്‍ വിദഗ്ധരാണ് ബി.ജെ.പിക്കാര്‍ എന്നും ആദ്യം അവര്‍ കോണ്‍ഗ്രസിന്റെ പദ്ധതികള്‍ പേരുമാറ്റി അവരുടേതാക്കി, ഇപ്പോള്‍ ബി.ജെ.പി മുഖ്യമന്ത്രി മറ്റൊരാളുടെ കവിത തന്റെ ഭാര്യയുടേതാണെന്ന പേരില്‍ പങ്കുവെച്ചിരിക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക