ന്യൂദല്‍ഹി: ജിഹാദ് ഖുര്‍ആനില്‍ മാത്രമല്ല ഗീതയിലുമുണ്ടെന്ന പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവരാജ് പാട്ടീല്‍. മഹാഭാരതത്തിലെ ഗീതയുടെ ഭാഗങ്ങളില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനെ ജിഹാദിനെ കുറിച്ച് പഠിപ്പിക്കുന്ന ഭാഗങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായിയുടെ ജീവചരിത്രം പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു ജിഹാദിനെ കുറിച്ചുള്ള പാട്ടീലിന്റെ പരാമര്‍ശം.
കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, സുശില്‍ കുമാര്‍ ഷിന്‍ഡെ, മണി ശങ്കര്‍ അയ്യര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
എ.എന്‍.ഐയാണ് പാട്ടീലിന്റെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ഇസ്‌ലാമിലെ ജിഹാദിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ആശയം മനസിലാകാത്ത പക്ഷം അധികാരം ഉപയോഗിക്കാന്‍ ഗീതയിലും പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു പാട്ടീലിന്റെ പരാമര്‍ശം.
‘ഇസ്‌ലാമിലെ ജിഹാദിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എല്ലാ ശ്രമങ്ങള്‍ക്ക് ശേഷവും ആര്‍ക്കെങ്കിലും ശുദ്ധമായ ആശയം മനസിലാകുന്നില്ലെങ്കില്‍, അധികാരം ഉപയോഗിക്കാമെന്ന് ഖുര്‍ആനിലും ഗീതയിലും പറയുന്നുണ്ട്. മഹാഭാരതത്തിലെ ഗീതയുടെ ഭാഗത്ത് ശ്രീകൃഷ്ണന്‍ അര്‍ജുനനെ ജിഹാദിനെ കുറിച്ച് പഠിപ്പിച്ച പാഠങ്ങളുണ്ട്,’ പാട്ടീല്‍ പറയുന്നു.
ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങളിലും സമാനമായ ആശയങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും പാട്ടീല്‍ പറഞ്ഞു. സമാധാനം സ്ഥാപിക്കാനല്ല വാളുമായി വന്നതെന്ന് യേശു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മുന്‍ ഗവര്‍ണറും ലോക്‌സഭാ സ്പീക്കറും കൂടിയായിരുന്നു ശിവരാജ് പാട്ടീല്‍.
അതേസമയം പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി പാട്ടീലും രംഗത്തെത്തിയിരുന്നു. അര്‍ജുനന് കൃഷ്ണന്‍ പഠിപ്പിക്കുന്ന പാഠങ്ങളെ ജിഹാദ് എന്ന് വിളിക്കില്ലെന്നാണ് ഉദ്ദേശിച്ചതെന്ന് പാട്ടീല്‍ പറയുന്നു.
‘നിങ്ങളാണ് ഇതിനെയെല്ലാം ജിഹാദ് എന്ന് വിളിക്കുന്നത്. കൃഷ്ണന്‍ അര്‍ജുനന് പഠിപ്പിക്കുന്ന പാഠങ്ങളെ നിങ്ങള്‍ ജിഹാദ് എന്ന് വിളിക്കില്ലല്ലോ? അതാണ് ഞാനും ഉദ്ദേശിച്ചത്,’ പാട്ടീല്‍ പറഞ്ഞു.
‘ഇതാണ് ഖുര്‍ആന്‍ ശെരീഫ്, നിങ്ങള്‍ ആദ്യം കേള്‍ക്കൂ, ദൈവം ഒന്നാണ്, അതിന് രൂപമില്ല, ക്രിസ്തു മതവും യഹൂദ മതവും ഒരേ കാര്യം പറയുന്നു, ദൈവം ഉണ്ട്, പക്ഷേ ഒരു വിഗ്രഹവും ഉണ്ടാകില്ല. ദൈവത്തിന് നിറമോ രൂപമോ ഇല്ലെന്നും ഗീത പറയുന്നു,’ പാട്ടീല്‍ പറയുന്നു.
Content Highlight: Shivaraj patel says that there is jihad mentioned in geeta too